ഫ്രാന്‍സിസ് പാപ്പ വീണ്ടും യു.എ.ഇയിലേക്ക്; യു.എന്‍ കാലാവസ്ഥാ കോണ്‍ഫറന്‍സില്‍ ഒരു മാര്‍പാപ്പ പങ്കെടുക്കുന്നത് ചരിത്രത്തില്‍ ആദ്യം

ഫ്രാന്‍സിസ് പാപ്പ വീണ്ടും യു.എ.ഇയിലേക്ക്; യു.എന്‍ കാലാവസ്ഥാ കോണ്‍ഫറന്‍സില്‍ ഒരു മാര്‍പാപ്പ പങ്കെടുക്കുന്നത് ചരിത്രത്തില്‍ ആദ്യം

യുഎഇ വ്യവസായ മന്ത്രിയും കോപ് 28ന്റെ പ്രസിഡന്റുമായ ഡോ. സുല്‍ത്താന്‍ അഹ്‌മദ് അല്‍ ജാബിറിനെ ഫ്രാന്‍സിസ് പാപ്പ ഒക്ടോബര്‍ 11 ന് വത്തിക്കാനില്‍ സ്വീകരിക്കുന്നു (ഫയല്‍ ചിത്രം)

ദുബായ്: നവംബര്‍ 30 മുതല്‍ ദുബായ് ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ല്‍ (യുഎന്‍ ക്ലൈമറ്റ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്) ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ ഒന്നിന് ദുബായിലേക്കു യാത്ര തിരിക്കുമെന്ന് പാപ്പ തന്നെയാണ് സ്ഥിരീകരിച്ചത്. ഇറ്റാലിയന്‍ ടെലിവിഷനായ 'ആര്‍.എ.ഐ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിസംബര്‍ 1, 2, 3 തീയതികളിലാണ് മാര്‍പാപ്പയുടെ ദുബായ് സന്ദര്‍ശനം. പരിശുദ്ധ പിതാവിന്റെ 87-ാം ജന്മദിനത്തിന് രണ്ടാഴ്ച മുമ്പാണ് ഈ യാത്ര.

1995 മുതല്‍ തുടങ്ങിയ യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ പങ്കെടുക്കുന്നത്. അടുത്തിടെ മാര്‍പാപ്പ കോപ് പ്രസിഡന്റ് സുല്‍ത്താന്‍ അല്‍-ജാബറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, യാത്രയുടെ കൂടുതല്‍ വിവരങ്ങളോ സമ്മേളത്തിലെ പാപ്പയുടെ പ്രാതിനിധ്യം സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ആഗോളതാപനത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് - 'നമ്മുടെ ഭാവി അപകടത്തിലാണ്, നമ്മുടെ മക്കളുടെയും കൊച്ചുമക്കളുടെയും ഭാവിയെക്കുറിച്ച് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി ചൂണ്ടിക്കാട്ടിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയും 2015-ല്‍ മാര്‍പാപ്പ 'ലൗദാത്തോ സീ' എന്ന ചാക്രികലേഖനം പുറത്തിറക്കിയിരുന്നു. പ്രകൃതിയെ വരും തലമുറയ്ക്കായി നന്നായി പരിപാലിക്കണമെന്ന് ഇതില്‍ അഭ്യര്‍ഥിച്ചിരുന്നു. കാലാവസ്ഥാ അനീതിയുടെ ഇരകളെ സംരക്ഷിക്കണമെന്ന് പറയുന്ന ഈ രേഖ ലോകമെങ്ങും പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തിരുന്നു.

ഈ ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ഒക്ടോബര്‍ നാലിന് പ്രകാശനം ചെയ്തിരുന്നു. പ്രകൃതി നിലനിന്നാല്‍ മാത്രമേ മനുഷ്യന് അസ്തിത്വമുള്ളൂ എന്ന് മറക്കരുതെന്ന് ഉദ്‌ബോദിപ്പിച്ചുകൊണ്ടാണ് മാര്‍പാപ്പയുടെ പുതിയ അപ്പസ്‌തോലിക പ്രബോധനം 'ലൗദാത്തെ ദേവും' (ദൈവത്തിന് സ്തുതി) പുറത്തിറങ്ങിയത്.

ദുബായില്‍ ഡിസംബറില്‍ നടക്കുന്ന സമ്മേളനത്തില്‍ കാലാവസ്ഥാ പ്രതിസന്ധിക്കെതിരേ ആരോഗ്യപരമായ സമീപനം ഉണ്ടാകണമെന്ന് പാപ്പ ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു. ആഗോള താപനം കുറയ്ക്കാന്‍ ലോക രാജ്യങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പരിശുദ്ധ പിതാവ് അഭ്യര്‍ത്ഥിക്കുന്നു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് പാപ്പ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്.

സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി 2019 ല്‍ യു.എ.ഇയില്‍ നടന്ന വിശ്വമാനവ സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുത്തിരുന്നു. കൗണ്‍സില്‍ ഓഫ് മുസ്ലീം എല്‍ഡേഴ്സ് ചെയര്‍മാനും അല്‍ അഹ്സര്‍ ഗ്രാന്‍ഡ് ഇമാമുമായ ഡോ. അഹമ്മദ് അല്‍ ത്വയ്യിബുമായി മേഖലയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള കാര്യങ്ങള്‍ മാര്‍പാപ്പ അന്നു ചര്‍ച്ച ചെയ്തിരുന്നു.

കാലാവസ്ഥാ ഉച്ചകോടി ഉദ്ഘാടന സമ്മേളനത്തില്‍ താന്‍ പ്രസംഗിക്കുമെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഫ്രാന്‍സിസ് പാപ്പയുടെയും പ്രഖ്യാപനം.

കുടലിലെ ശസ്ത്രക്രിയ്ക്കു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും നല്ല നാളേയ്ക്കായുള്ള പരിശ്രമത്തില്‍ പങ്കാളിയാകണമെന്ന ആഗ്രഹത്തോടെയാണ് പാപ്പയുടെ യാത്ര.

മാര്‍പാപ്പയുടെ ചാക്രികലേഖനം സംബന്ധിച്ച കൂടുതല്‍ വായനയ്ക്ക്:

ഭൂമിയെ സംരക്ഷിക്കാൻ ലോക നേതാക്കളോട് ഫ്രാൻസിസ് പാപ്പയുടെ നിലവിളി; കാലാവസ്ഥ പ്രതിസന്ധിയെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനം ‘ലൗ​ദാ​ത്തെ ദേ​വും’ പുറത്തിറക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.