റണ്‍വേയില്‍ അതിക്രമിച്ചു കയറി വിമാനം നിര്‍ത്താന്‍ ശ്രമം; കാന്‍ബറ വിമാനത്താവളത്തില്‍ യുവതി അറസ്റ്റില്‍: കഞ്ചാവും പിടിച്ചെടുത്തു

റണ്‍വേയില്‍ അതിക്രമിച്ചു കയറി വിമാനം നിര്‍ത്താന്‍ ശ്രമം; കാന്‍ബറ വിമാനത്താവളത്തില്‍ യുവതി അറസ്റ്റില്‍: കഞ്ചാവും പിടിച്ചെടുത്തു

കാന്‍ബറ: പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിലെ പൈലറ്റിനെ കൈ കാണിച്ച് വിമാനം നിര്‍ത്താനുള്ള ശ്രമത്തിനിടെ യുവതി പിടിയില്‍. വിമാനത്താവളത്തിലെത്താന്‍ വൈകിയതോടെയാണ് യുവതി റണ്‍വേയിലേക്ക് ഓടിപ്പോയത്. ഓസ്ട്രേലിയയിലെ കാന്‍ബറ വിമാനത്താവളത്തിലാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്.

ക്വാണ്ടസ് ലിങ്കിന്റെ ഇ190എആര്‍ വിമാനത്തിലായിരുന്നു യുവതിക്ക് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വൈകിയതിന് പിന്നാലെ ബോര്‍ഡ് ചെയ്യാന്‍ പറ്റാതായതോടെയാണ് യുവതി അറ്റകൈ പ്രയോഗത്തിന് ശ്രമിച്ചത്.

കാന്‍ബറയില്‍ നിന്നും അഡ്‌ലെയ്ഡിലേക്കായിരുന്നു യുവതിക്ക് പോകേണ്ടിയിരുന്നത്. യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാന്‍ വിമാനം ഒരുങ്ങുന്നതിനിടയ്ക്കാണ് അതീവ സുരക്ഷ മേഖലയിലെ ജീവനക്കാരെ വെട്ടിച്ച് യുവതി റണ്‍വേയിലേക്ക് എത്തിയത്. ഉച്ചത്തില്‍ അപായ സൈറനുകള്‍ മുഴങ്ങുന്നതിനിടെ യുവതി റണ്‍വേയ്ക്ക് സമീപത്ത് നിന്ന് മടങ്ങുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതി കൂടാതെ അതിക്രമിച്ച് കയറിയതിനും വസ്തുവകകള്‍ക്ക് നാശം വരുത്തിയതിനും കഞ്ചാവ് കൈവശം വച്ചതിനുമാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

വിമാനത്തിലെ പൈലറ്റിനോട് യുവതി സംസാരിക്കുന്നതും മുന്‍ ടയറുകള്‍ക്ക് അരികിലൂടെ നടക്കുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ കയറാന്‍ പൈലറ്റ് വിസമ്മതിച്ചതിന് പിന്നാലെ യുവതി വിമാനത്താവളത്തിലേക്ക് തിരിച്ച് നടന്ന് വരികയായിരുന്നു. ഇവിടെ വച്ചാണ് യുവതി അറസ്റ്റിലാവുന്നത്. ജാമ്യം നിഷേധിച്ച യുവതിയെ കോടതിയില്‍ ഹാജരാക്കും.

എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ലെന്നും ആളുകള്‍ സ്തബ്ധരായി ഇരുന്നുപോയെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പിന്നീട് വെളിപ്പെടുത്തി. ഓടിയിറങ്ങുന്നതില്‍ നിന്നും ആരും യുവതിയെ തടഞ്ഞിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി.

ഗേറ്റില്‍ നിന്ന സുരക്ഷാ ജീവനക്കാരനെ തള്ളി മാറ്റിയ ശേഷമാണ് യുവതി റണ്‍വേയിലേക്ക് ഓടിയിറങ്ങിയതെന്നും യുവതിയെ കണ്ട് പൈലറ്റ് വിമാനം നിര്‍ത്തിയത് കൊണ്ട് അപകടം ഒഴിവായെന്നും ഹെയ്ല്‍സ് എന്നയാളും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംഭവത്തെ തുടര്‍ന്ന് പത്ത് മിനിറ്റോളം വിമാനത്തിന്റെ യാത്ര വൈകി. സംഭവത്തില്‍ വിമാനത്താവള അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.