വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഫ്രാൻസിസ് മാർപാപ്പാ പാലസ്തീൻ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസുമായി ഫോൺ സംഭാഷണം നടത്തിയതായി വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി. ഇന്നലെ വൈകിട്ട് നടന്ന സംഭാഷണത്തിൽ സമാധാനം കെട്ടിപ്പടുക്കാൻ ഫ്രാൻസിസ് പാപ്പാ നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്റ് നന്ദി പറഞ്ഞതായി പാലസ്തീനിയൻ വാർത്താ ഏജൻസിയായ വാഫാ റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് പൗരന്മാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് അടിയന്തര വെടിനിർത്തൽ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ വത്തിക്കാൻ തുടരുന്നതിന്റെ പ്രാധാന്യം പ്രസിഡന്റ് അബ്ബാസ് ഊന്നിപ്പറഞ്ഞു. ഗാസയിലേക്ക് മരുന്നും ഭക്ഷണവും വെള്ളവും വൈദ്യുതിയുമെത്തിക്കാൻ സ്ഥിരമായ ഒരു മാനുഷിക ഇടനാഴി സൃഷ്ടിക്കേണ്ട ആവശ്യകതയും അബ്ബാസ് അറിയിച്ചതായി വാഫ റിപ്പോർട്ട് ചെയ്തു.
സംഘർഷം ആരംഭിച്ച ഒക്ടോബർ ഏഴ് മുതൽ സമാധാനത്തിനായുള്ള വിളി പലപ്രാവശ്യം പാപ്പാ ആവർത്തിച്ചു. ഉടൻ വെടിനിർത്താൻ ആഹ്വാനംചെയ്ത പാപ്പാ, ഹമാസിന്റെ പക്കലുള്ള തടവുകാരെ മോചിപ്പിക്കാനും ഗാസയിലേക്ക് മാനുഷികസഹായമെത്തിക്കാനുമുള്ള ആവശ്യവും ഉന്നയിച്ചു. ദിവസവും ഗാസയിലെ തിരുക്കുടുംബ ഇടവക വികാരിയുമായി സമ്പർക്കം സൂക്ഷിക്കുന്ന ഫ്രാൻസിസ് പാപ്പാ അമേരിക്കയുടെയും തുർക്കിയുടെയും പ്രസിഡണ്ടുമാരുമായും സമാധാനത്തിനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെയും ജറുസലേമിന് പ്രത്യേകസ്ഥാനം നൽകിക്കൊണ്ട് രണ്ടു രാഷ്ട്രങ്ങൾ എന്ന പരിഹാരമാർഗവും മുന്നോട്ടുവച്ചിരുന്നു.
ഒക്ടോബർ 22, 26 തീയതികളിൽ മാർപാപ്പ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26