മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദേശീയമായി വികസിപ്പിക്കുന്നത്.

നിപ പ്രതിരോധം, ചികിത്സ, ഗവേഷണം എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് ഏകാരോഗ്യത്തിന്റെ (വണ്‍ ഹെല്‍ത്ത്) ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്ഥാപനതലത്തിലാക്കുന്നതിന് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു.

സംസ്ഥാനത്ത് വാക്സിന്‍ പോളിസി നടപ്പിലാക്കും. ലാബ് നെറ്റുവര്‍ക്ക് സംവിധാനം 2024ല്‍ യാഥാര്‍ഥ്യമാക്കും. മുന്നിലുള്ള ലക്ഷ്യങ്ങള്‍ വളരെ വലുതാണ്. അതിന് ഈ സെമിനാര്‍ വളരെ ഫലപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. 'മഹാമാരികളെ കേരളം നേരിട്ട വിധം' കേരളീയം സെമിനാര്‍ മസ്‌കറ്റ് ഹോട്ടലില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വൈറസിന്റെ പ്രഹരശേഷി കുറയ്ക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം അതിജീവിച്ചു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ആശുപത്രി, മരുന്ന്, രോഗികള്‍ എന്നിവയ്ക്കൊപ്പം മറ്റനേകം കാര്യങ്ങള്‍ക്കും കേരളം വളരെ നേരത്തെ നല്‍കിയ പ്രാധാന്യമാണ് ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചത്.

സമീപ കാലങ്ങളില്‍ കൊവിഡ്, മങ്കിപോക്സ്, നിപ, തുടങ്ങിയ അനേകം വെല്ലുവിളികളെ കേരളത്തിന് നേരിടേണ്ടി വന്നു. രാജ്യത്തെ ആദ്യ മങ്കിപോക്സ് കണ്ടുപിടിച്ചത് കേരളത്തിലാണ്. ഉയര്‍ന്ന ജനസാന്ദ്രത, വയോജനങ്ങള്‍ കൂടുതല്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നതിനാല്‍ ഇവയെ അതിജീവിക്കുക വലിയ വെല്ലുവിളിയായിരുന്നു.

2019 ല്‍ കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളം മാതൃകയായ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. മൂന്ന് കൊവിഡ്  തരംഗങ്ങളെയും കേരളം ഫലപ്രദമായി പ്രതിരോധിച്ചു. അതില്‍ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളും ഓക്സിജന്‍ ആവശ്യമായി വന്നതും രണ്ടാം തരംഗമായ ഡെല്‍റ്റയിലായിലായിരുന്നു.

ഏറ്റവും കേസുകള്‍ ഉണ്ടായത് മൂന്നാംഘട്ടമായ ഒമിക്രോണ്‍ തരംഗത്തിലായിരുന്നു. അതിനെയെല്ലാം ഫലപ്രദമായി അതിജീവിക്കാന്‍ കേരളത്തിനായി. ഏത് അതിജീവനങ്ങളെ സംബന്ധിച്ചും വളരെ പ്രധാനമാണ് മരണങ്ങള്‍ കുറയ്ക്കുക എന്നത്.

കൊവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകേണ്ട സംസ്ഥാനമായി കേരളം മാറേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ സംവിധാനങ്ങളെ കേസുകള്‍ മറികടക്കാന്‍ പാടില്ലായിരുന്നു എന്നായിരുന്നു നമ്മുടെ ലക്ഷ്യം. ആ ഘട്ടങ്ങളിലൊന്നും തന്നെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയില്‍ ക്ഷാമം നേരിട്ടില്ല. അതനുസരിച്ച് ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളൊരുക്കി. ഓക്സിജനില്‍ ആശുപത്രികളെ സ്വയംപര്യാപ്തതയില്‍ എത്തിച്ചു.

സൗജന്യമായി എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ആദ്യം തീരുമാനമെടുത്ത സംസ്ഥാനമാണ് കേരളം. രാജ്യത്ത് ആദ്യമായി കിടപ്പുരോഗികള്‍ക്ക് ഉള്‍പ്പെടെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണനാ ഗ്രൂപ്പ് നിശ്ചയിച്ച് വാക്സിന്‍ നല്‍കി.

കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കൂടുതലായി പീഡിയാട്രിക് ഐസിയുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ കൊവിഡ് നയം ഏകാരോഗ്യം സമീപനത്തിലൂന്നിയായിരുന്നു. 2022 ല്‍ സംസ്ഥാന തലത്തില്‍ വണ്‍ ഹെല്‍ത്ത് ആവിഷ്‌കരിച്ചു.

നിപ പ്രതിരോധത്തിലും കേരളം മികച്ച മാതൃകയാണ് കാഴ്ചവെച്ചത്. 2023 ല്‍ കോഴിക്കോട് ഉണ്ടായ നിപയെ ആരംഭത്തില്‍ തന്നെ കണ്ടെത്തി ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. ആഗോള തലത്തില്‍ത്തന്നെ 60 മുതല്‍ 90 ശതമാനം വരെയുണ്ടായിരുന്ന നിപ മരണ നിരക്ക് 33.33 ശതമാനത്തിലേക്ക് താഴ്ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.