മഴ തുണച്ചു; ജയത്തോടെ സെമി സാധ്യത സജീവമാക്കി പാകിസ്ഥാന്‍

മഴ തുണച്ചു; ജയത്തോടെ സെമി സാധ്യത സജീവമാക്കി പാകിസ്ഥാന്‍

ചെന്നൈ: ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 402 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാനെ തുണച്ച് മഴ പെയ്തിറങ്ങിയപ്പോള്‍ പാകിസ്ഥാന് ജയം. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് പാക് വിജയം.

നേരത്തെ ടോസ് നേടി കിവീസിനെ ബാറ്റിംഗിന് അയച്ച പാക് നായകന്‍ ബാബര്‍ അസമിന് പിഴച്ചു. സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയുടെയും അര്‍ധസെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണ്‍റെയും മികവില്‍ ന്യൂസിലന്‍ഡ് അടിച്ചു കൂട്ടിയത് 401 റണ്‍സ്.

ലോകകപ്പിലെ തന്നെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ന്യൂസിലന്‍ഡ് കുറിച്ചത്. രചിന്‍ രവീന്ദ്ര 108 റണ്‍സും വില്യംസണ്‍ 95 റണ്‍സും നേടി. ഗ്ലെന്‍ ഫിലിപ്‌സ് 41 റണ്‍സ് നേടി.

പാകിസ്ഥാന് വേണ്ടി വസിം ജൂണിയര്‍ മൂന്നു വിക്കറ്റും ഹാരിസ് റൗഫ്, ഹസന്‍ അലി, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ അബ്ദുള്ള ഷഫീഖിനെ നഷ്ടപ്പെട്ടു. എന്നാല്‍ ഫഖര്‍ സമന്‍ ആഞ്ഞടിച്ചതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.

63 പന്തില്‍ നിന്ന് മൂന്നക്കം തികച്ച ഫഖര്‍ ലോകകപ്പില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടുന്ന പാക് താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

81 പന്തില്‍ നിന്ന് 126 റണ്‍സ് നേടി സമന്‍ പുറത്താകാതെ നിന്നു. 11 സിക്‌സും 8 ബൗണ്ടറിയും അടങ്ങുന്നതാണ് ഫഖറിന്റെ ഇന്നിംഗ്‌സ്. ബാബര്‍ അസം 66 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ജയത്തോടെ സെമി സാധ്യത പാകിസ്ഥാന്‍ സജീവമാക്കി. നിലവില്‍ എട്ട് മല്‍സരങ്ങളില്‍ നിന്നായി അത്രത്തോളം തന്നെ പോയിന്റാണ് പാകിസ്ഥാനുള്ളത്. ന്യൂസിലന്‍ഡിനും എട്ട് പോയിന്റുണ്ട്. എന്നാല്‍ റണ്‍നിരക്കിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.