'ഐഎസ്ആര്‍ഒ ചെയര്‍മാനാകുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ ശ്രമിച്ചു': എസ്. സോമനാഥിന്റെ ആത്മകഥ വിവാദമാകുന്നു; പുസ്തകം പിന്‍വലിച്ചു

'ഐഎസ്ആര്‍ഒ ചെയര്‍മാനാകുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ ശ്രമിച്ചു': എസ്. സോമനാഥിന്റെ ആത്മകഥ വിവാദമാകുന്നു; പുസ്തകം പിന്‍വലിച്ചു

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ തലപ്പത്തും പടലപിണക്കമെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുമായി ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്. അടുത്തിടെ മലയാളത്തില്‍ പുറത്തിറക്കിയ 'നിലാവു കുടിച്ച സിംഹങ്ങള്‍' എന്ന തന്റെ ആത്മകഥയിലാണ് എസ് സോമനാഥ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. ശിവനെതിരെ ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് പുസ്തകത്തിലുള്ളത്.

പരാമര്‍ശങ്ങള്‍ വിവാദമായതോടെ പുസ്തകം തല്‍ക്കാലം പിന്‍വലിക്കുന്നതായി എസ്.സോമനാഥ് വ്യക്തമാക്കി. കോപ്പി പിന്‍വലിക്കണമെന്ന് പ്രസാധകരോട് നിര്‍ദേശിച്ചതായി അദേഹം പറഞ്ഞു. രാജ്യത്തെ തന്ത്ര പ്രധാനമായ ഒരു ശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്തെ തമ്മിലടി പുറത്തു വന്നത് കേന്ദ്ര സര്‍ക്കാരിന് തന്നെ നാണക്കേടാകുകയും ഒരു മുന്‍ ചെയര്‍മാനെതിരെ നിലവിലെ ചെയര്‍മാന്‍ രംഗത്തു വന്നത് ശരിയായില്ലെന്ന വിലയിരുത്തലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പുസ്തകം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

പിന്നാലെ പുസ്തകം പ്രസിദ്ധീകരിച്ച ലിപി പബ്ളിക്കേഷന്‍സ് പുസ്തകം വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇപ്പോള്‍ നടന്നു വരുന്ന ഷാര്‍ജാ ബുക്ക് ഫെസ്റ്റിവല്‍ നടത്താനിരുന്ന പുസ്തക പ്രകാശന ചടങ്ങ് റദാക്കിയതായും എസ് സോമനാഥ് പറഞ്ഞു.

തിരുവനന്തപുരത്ത് നവംബര്‍ ഒന്നിന് ആരംഭിച്ച നിയമസഭാ പുസ്തക മേളയില്‍ ഉള്‍പ്പെടെ പുസ്തകം വിറ്റുവരുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത്. സാധാരണയായി സ്ഥാനമൊഴിഞ്ഞ ശേഷമാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ പലരും നടത്താറുള്ളതെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് മുന്‍ ചെയര്‍മാനെതിരെ നടത്തിയ കുറ്റപ്പെടുത്തലും പരാജയപ്പെട്ട ചന്ദ്രയാന്‍ 2 നെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അനുചിതമായി എന്ന അഭിപ്രായം പലരും സോമനാഥുമായി പങ്കുവച്ചു. ഇതോടെയാണ് പൊടുന്നനെ പുസ്തകം പിന്‍വലിക്കാന്‍ അദേഹം തീരുമാനിച്ചതെന്നാണ് സൂചന.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്ത് താന്‍ വരുന്നത് തടയാന്‍ വിരമിച്ച ശേഷവും ചെയര്‍മാന്‍ സ്ഥാനം നീട്ടിയെടുക്കാന്‍ അന്നത്തെ ചെയര്‍മാന്‍ ഡോ. ശിവന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തല്‍ അദേഹത്തിന്റെ പുസ്തകത്തിലുണ്ട്. താന്‍ വിഎസ്എസ്സി ഡയറക്ടറാകുന്നത് തടയാനും ഡോ.ശിവന്‍ ശ്രമിച്ചു. ധൃതിപിടിച്ചു വിക്ഷേപണം നടത്തിയതു കൊണ്ടാണ് ഡോ.ശിവന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ നടത്തിയ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെടാന്‍ കാരണം. നിര്‍ണായക പരിപാടികളില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തിയെന്നും പുസ്തകത്തില്‍ സോമനാഥ് ആരോപിക്കുന്നു.

2018 ല്‍ കിരണ്‍കുമാര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറുന്ന സമയത്ത് ഡോ. ശിവനൊപ്പം ചെയര്‍മാന്‍ സ്ഥാനത്ത് മത്സരാര്‍ത്ഥിയായി തന്റെ പേരുമുണ്ടായിരുന്നു. അന്ന് ചെയര്‍മാന്‍ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിരമിക്കല്‍ പ്രായമായ 60 വയസു കഴിഞ്ഞ് എക്സ്റ്റന്‍ഷനില്‍ തുടര്‍ന്നിരുന്ന ശിവനാണ് നറുക്ക് വീണത്. ഐഎസ്ആര്‍ഒ ചെയര്‍മാനായതിന് ശേഷവും ശിവന്‍ വിഎസ്എസ്സി ഡയറക്ടര്‍ സ്ഥാനം കൈവശം വച്ചു.
ന്യായമായി തനിക്ക് കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ടു കണ്ട് ചോദിക്കേണ്ടി വന്നു. എന്നാല്‍ ശിവന്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറിയെന്നും പുസ്തകത്തില്‍ പറയുന്നു. ഒടുവില്‍ വിഎസ്എസ്സി മുന്‍ ഡയറക്ടര്‍ ഡോ. ബി.എന്‍ സുരേഷ് ഇടപെട്ടതോടെയാണ് ആറ് മാസത്തിന് ശേഷം തനിക്ക് വിഎസ്എസ്സി ഡയറക്ടറായി നിയമനം ലഭിച്ചതെന്നും സോമനാഥ് ആത്മകഥയില്‍ പറയുന്നു.

'ആളുകള്‍ പരസ്പരം അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്നതെന്തിനാണെന്ന് ആലോചിക്കുമ്പോള്‍ പലപ്പോഴും ഉത്തരമെന്നോണം ഒരു നനുത്ത കാറ്റു വീശുമായിരുന്നു. ആ കാറ്റിലും കരിന്തിരികള്‍ കെടുമായിരുന്നു എന്നതാണ് സത്യം. കൊടുങ്കാറ്റുകള്‍ക്ക് മാത്രമല്ല ഇലച്ചാര്‍ത്തുകള്‍ക്കുള്ളില്‍ പതുങ്ങിയിരിക്കുന്ന ഇളം കാറ്റുകള്‍ക്കും വിധിയിലിടപെടാനാകുമെന്ന് ഞാന്‍ ആദ്യമായി പഠിക്കുകയായിരുന്നു.'- സോമനാഥ് എഴുതി.

മൂന്ന് വര്‍ഷം ചെയര്‍മാനായിരുന്ന ശേഷം വിരമിക്കുന്നതിന് പകരം ചെയര്‍മാന്റെ കാലാവധി നീട്ടിയെടുക്കാന്‍ ഡോ. ശിവന്‍ ശ്രമിച്ചു. അടുത്ത ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍ യു.ആര്‍.റാവു സ്‌പേസ് സെന്ററിന്റെ ഡയറക്ടറെ സ്‌പേസ് കമ്മിഷനിലേക്ക് കൊണ്ടുവന്നത് തനിക്ക് ചെയര്‍മാന്‍ സ്ഥാനം കിട്ടില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്ന് തോന്നുന്നതായും സോമനാഥ് ആത്മകഥയില്‍ പറയുന്നു.

വേണ്ടത്ര അവലോകനങ്ങളും പരീക്ഷണങ്ങളും കൂടിയാലോചനകളും നടത്താതെ ധൃതിപിടിച്ചു വിക്ഷേപണം നടത്തിയതു കൊണ്ടാണ് ഡോ.ശിവന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ നടത്തിയ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെടാന്‍ കാരണം. ചന്ദ്രയാന്‍ 2-ന്റെ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് ചെയര്‍മാന്‍ നേരിട്ടായിരുന്നു. ഇതിന്റെ വിക്ഷേപണ ഘട്ടത്തിനു മുന്‍പേ അത് പരാജയപ്പെടും എന്ന തോന്നലുണ്ടായിരുന്നുവെന്നും ആത്മകഥയില്‍ പറയുന്നു.

2018 ജനുവരി 15 നാണ് താന്‍ വിഎസ്എസ്സി ഡയറക്ടറായത്. ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണത്തിന് ശേഷം 40 ദിവസം കഴിഞ്ഞ് ചന്ദ്രനില്‍ മൊഡ്യൂള്‍ ചെന്നിറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയപ്പോള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരില്‍ നിന്നും തന്നെ ഒഴിവാക്കിക്കൊണ്ട് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചെന്നും പുസ്‌കത്തിലൂടെ എസ് സോമനാഥ് വെളിപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.