തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സൂഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ അറുപതിനായിരത്തോളം പേര്‍ പുറത്ത്. മാനദണ്ഡം ലംഘിച്ച് അംഗത്വം എടുത്തവരെയാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. ഇതോടെ നിലവില്‍ അംഗങ്ങളുടെ എണ്ണം 4.80 ലക്ഷമായി കുറഞ്ഞു.
ഒരു മാസത്തിലേറെ നീണ്ട യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ 7,29,626 പേരാണ് അംഗത്വമെടുത്തത്. സൂക്ഷ്മ പരിശോധനയില്‍ 59,550 പേരെ ഒഴിവാക്കി. 1,89,154 പേരുടെ അംഗത്വം മരവിപ്പിച്ചു. വ്യക്തമായ രേഖകള്‍ ഹാജരാക്കിയാല്‍ ഇവര്‍ക്ക് അംഗങ്ങളായി തുടരാം. രേഖകള്‍ ഹാജരാക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
ഓണ്‍ലൈന്‍ വഴിയായിരുന്നു ഇത്തവണ അംഗത്വ വിതരണം. അംഗത്വം എടുക്കുന്നതിനോടൊപ്പം സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തമിഴ്‌നാട്ടിലെ കോളജുകളില്‍ നിന്നും വ്യാപകമായി തിരിച്ചറിയാന്‍ കാര്‍ഡ് ശേഖരിച്ച് അംഗത്വം ചേര്‍ത്തെന്നും വ്യാജ രേഖകളും ഉപയോഗിച്ചെന്നും ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു സൂക്ഷ്മ പരിശോധന. പരാതികള്‍ ശരിവെക്കുന്ന രീതിയിലാണ് പട്ടികയില്‍ നിന്നും കൂട്ടത്തോടെ അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിറ്റി നീക്കം ചെയ്തിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴിയാണ് സംഘടനയുടെ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് സൈറ്റില്‍ അപ്ലോഡ് ചെയ്തു കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണിലേക്ക് ഒടിപി ലഭിക്കും. ഇത് നല്‍കിക്കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സമ്മതമാണെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും സാക്ഷ്യപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്യണം.
ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന മൂന്ന് പേരില്‍ നിന്ന് ദേശീയ നേതൃത്വം അഭിമുഖം നടത്തിയാണ് സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മില്‍ നേരിട്ടായിരുന്നു പോരാട്ടം. എ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയും ഐ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ആയിരുന്നു സ്ഥാനാര്‍ത്ഥികള്‍. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിനാല്‍ രണ്ടാഴ്ചക്കകം ഫലപ്രഖ്യാപനം ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.