ഷാർജ: വിവർത്തനം ഫോട്ടോകോപ്പിയല്ലെന്നും, ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോൾ പരിഭാഷകൻ കൂടി രചയിതാവിന്റെ തലത്തിലേക്ക് ഉയരുകയാണെന്നും പ്രമുഖ നിരൂപകനും നോവലിസ്റ്റും പത്രപ്രവർത്തകനുമായ അജയ് പി.മങ്ങാട്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ബുക് ഫോറത്തിൽ 'പരിഭാഷയും അിന്റെ സാധ്യതകളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
മലയാളത്തിലെ പല പുസ്തകങ്ങളും വിവർത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചിൽ ഒരു തരം ജാതീയ ബോധത്തിൽ നിന്നുണ്ടാകുന്നതാണ്. ഒരു ജാതിയിലുള്ളവർ അതിൽ തന്നെ നിൽക്കുകയും ഇടപഴകൽ നടത്താതിരിക്കുകയും ചെയ്യുമ്പോഴുള്ള ഷെയർ ചെയ്യാത്ത അവസ്ഥ കൊണ്ടാണങ്ങനെ സംഭവിക്കുന്നത്. ഭാഷാന്തരത്തിന് പറ്റുന്നതല്ല പല രചനകളും എന്നത് തിയറി മാത്രമാണ്. ബഷീറിന്റെ കൃതികൾ വിവർത്തനത്തിന് പറ്റാത്തതാണെന്ന് നിരന്തരം പറഞ്ഞ ആളുകളുണ്ട്. എന്നാൽ, മലയാളിയല്ലാത്ത ആർ.ഇ ആഷർ ആണ് ഇംഗ്‌ളീഷിലേക്കത് ഭാഷാന്തരപ്പെടുത്തിയത്. നമ്മൾ ചെയ്യാതിരുന്നത് ആഷർ ചെയ്തു കാണിച്ചു തന്നു.
പരിഭാഷയിലൂടെ മറ്റൊരു വായനാനുഭവം സമ്മാനിക്കപ്പെടണം. പരിഭാഷ പകർത്തിയെഴുത്തല്ലാതിരിക്കുന്നതിലൂടെയാണത് സാധിക്കുക. പരിഭാഷ സംസ്‌കാരങ്ങളെ കടന്നു പോകുന്ന പാലമായി വർത്തിക്കുന്നുവെന്നും അഹേഹം പറഞ്ഞു. പരിഭാഷകൾക്ക് വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും സാഹിത്യ ചരിത്രത്തിൽ നിന്നും എടുത്തുദ്ധരിക്കാനാകും. വളരെ പ്രശസ്തനായ, നൊബേലിന് പല തവണ സാധ്യതാ പട്ടികയിലിടം പിടിച്ച ഇസ്മായിൽ കാദറെ എന്ന അൽബേനിയൻ സാഹിത്യകാരന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ച പുസ്തകം ഷേക്‌സ്പിയറിന്റെ 'മാക്‌ബെത്' ആണ്. 14 വയസുള്ളപ്പോഴാണ് ഇസ്മായിൽ കാദറെ അതിന്റെ അൽബേനിയൻ വിവർത്തന കൃതി വായിച്ചത്.
താൻ മുതിർന്നിട്ടും മാക്‌ബെത്ത് ഇംഗ്‌ളീഷ് മൂല കൃതി വായിച്ചില്ലെന്നും തന്റെ എല്ലാ പുസ്തകങ്ങളിലും മാക്‌ബെത്തിന്റെ ഇംപാക്റ്റുണ്ടെന്നും അദ്ദേഹം പറയുമ്പോൾ, ആ സ്വാധീനം മനസ്സിലാക്കാനാകും. ഇംഗ്‌ളീഷിൽ നിന്നും ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്ത മാക്‌ബെത്തിന്റെ അൽബേനിയൻ പരിഭാഷ വായിച്ച കാദറെ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ടു. എത്ര ഭാഷകൾ സഞ്ചരിച്ചാണ് ആ കൃതി കാദറെയിലെത്തിയതെന്ന് നോക്കൂ. പരിഭാഷയുടെ അനുഭവ തലമാണിത്. മലയാളി ചുറ്റുപാടിൽ നിന്നും മാറി മറ്റൊരിടത്ത് പോയി പഠിച്ച്, ജീവിതാനുഭവങ്ങളുണ്ടായി തിരിച്ചെത്തിയ കുമാരാനാശാൻ 'നളിനി'യും 'ലീല'യും എഴുതിയപ്പോൾ വ്യത്യസ്ത രീതി കൊണ്ട് ഭാവന അതിർത്തികൾ കടന്നത് നാം അനുഭവിച്ചു.
തന്റെ തന്നെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' ഡോ. കാതറീൻ തങ്കം ഇംഗ്‌ളീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ അവരെടുത്ത അധ്വാനമുണ്ടതിൽ. തന്റെ പുസ്തകം അവരുടെ കൂടി പുസ്തകമായി മാറിയ അനുഭവമാണ് അതെന്നാണ് തനിക്ക് അടിവരയിടാനുള്ളതെന്നും അജയ് വ്യക്തമാക്കി. അജയ് പി.മങ്ങാട്ടിന്റെ 25 പതിപ്പുകളിറങ്ങിയ 'സൂസന്നയുടെ ഗ്രന്ഥപ്പുര', 'മൂന്നു കല്ലുകൾ' തുടങ്ങിയ കൃതികളെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിച്ചു. റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു. വായനക്കാർക്ക് ഗ്രന്ഥകാരൻ പുസ്തകങ്ങൾ ഒപ്പിട്ടു നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.