ഗാസയില്‍ ആണവ ബോംബ്': വിവാദ പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ നടപടിയെടുത്ത് ബെഞ്ചമിന്‍ നെതന്യാഹു

ഗാസയില്‍ ആണവ ബോംബ്':  വിവാദ പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ നടപടിയെടുത്ത് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ ആണവായുധവും ഒരു സാധ്യതയാണെന്ന് അഭിപ്രായപ്പെട്ട ഇസ്രയേല്‍ മന്ത്രിക്ക് സസ്പെന്‍ഷന്‍. ഇസ്രയേല്‍ ജറൂസലം-പൈതൃക വകുപ്പു മന്ത്രി അമിഹൈ ഏലിയാഹുവിനെതിരെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടപടി സ്വീകരിച്ചത്. മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് ഏലിയാഹുവിന് അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് 'ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു.

ഒരു പ്രാദേശിക റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂയിഷ് നാഷനല്‍ ഫ്രണ്ട് നേതാവായ മന്ത്രി ഏലിയാഹുവിന്റെ പരാമര്‍ശം. ഗാസ മുനമ്പില്‍ ആണവ ബോംബിട്ട് എല്ലാവരെയും കൊന്നു കളഞ്ഞാല്‍ എങ്ങനെയുണ്ടാകുമെന്ന അവതാരകന്റെ ചോദ്യത്തോട് അതൊരു സാധ്യതയാണെന്നായിരുന്നു ഇതിനോട് എലിയാഹുവിന്റെ പ്രതികരണം.

ഗാസയില്‍ പോരാളികള്‍ മാത്രമാണുള്ളതെന്നും അങ്ങോട്ടേക്ക് മാനുഷിക സഹായം അയക്കുന്നത് പരാജയമാകുമെന്നും അഭിമുഖത്തില്‍ അദേഹം പറഞ്ഞു. പാലസ്തീന്‍ ജനതയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോള്‍ അവര്‍ അയര്‍ലന്‍ഡിലോ ഏതെങ്കിലും മരുഭൂമിയിലേക്കോ പോയ്ക്കൊള്ളട്ടെയെന്നായിരുന്നു മറുപടി.

എലിയാഹുവിന്റെ പ്രസ്താവന യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്നീട് പ്രതികരിച്ചു. നിരപരാധികളെ ദ്രോഹിക്കുന്നത് ഒഴിവാക്കാന്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇസ്രയേലും ഐ.ഡി.എഫും പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ വിജയം വരെ ഞങ്ങള്‍ അത് തുടരുമെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

എന്നാല്‍ പ്രസ്താവന ആലങ്കാരിക പ്രയോഗമാണെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു. അക്കാര്യം ആര്‍ക്കും മനസിലാകുന്നതാണ്. എന്നാല്‍ ഭീകരവാദത്തിനെതിരെ ശക്തമായ മറുപടി വേണമെന്നും ബന്ദികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും എലിയാഹു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.