അമേരിക്കയില്‍ മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം

അമേരിക്കയില്‍ മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം

ടലഹാസി: അമേരിക്കയിലെ ഫ്ളോറിഡയില്‍ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്‌സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയി(27)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ(നെവിന്‍-34)ആണ് ശിക്ഷിച്ചത്. ചങ്ങനാശേരി സ്വദേശിയാണ് ഫിലിപ് മാത്യു.

ഫ്‌ളോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഫിലിപ്പിനു ജയില്‍മോചിതനാകാന്‍ സാധിക്കില്ലെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2020 ജൂലായ് 28-ന് മെറിനെ കുത്തിയും കാര്‍ കയറ്റിയും കൊന്നെന്നാണ് കേസ്. മെറിന്‍ ജോലിനോക്കുന്ന കോറല്‍ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു സംഭവം. ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തമാണ് അമേരിക്കന്‍ കോടതി വിധിച്ചിട്ടുള്ളത്. അമേരിക്കയില്‍ ജീവപര്യന്തം എന്നാല്‍ മരണം വരെ എന്നാണ്. അതിനാല്‍ ഈ ശിക്ഷയെ മരണശിക്ഷയ്ക്ക് തുല്യമായാണ് കണക്കാക്കുന്നത്.



ഫിലിപ്പ് മാത്യു കുറ്റം ഏറ്റുപറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വധശിക്ഷയില്‍നിന്ന് ഒഴിവായി. മെറിന് 17 തവണയാണ് കുത്തേറ്റത്. മെറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി, പലതവണ വെട്ടി. തുടര്‍ന്ന് അവരുടെ ദേഹത്തുകൂടി കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. കൊലയ്ക്കു ശേഷം സ്വയം കുത്തി മുറിവേല്‍പിച്ചു ജീവനൊടുക്കാന്‍ ഫിലിപ് മാത്യു ശ്രമിച്ചിരുന്നു. ഇരുവരും പിരിഞ്ഞു താമസിക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്.

മെറിന്‍ കൊല്ലപ്പെടുമ്പോള്‍ ഏകമകള്‍ നോറയ്ക്ക് രണ്ടുവയസേ ഉണ്ടായിരുന്നുള്ളൂ. മകള്‍ ഇപ്പോള്‍ മെറിന്റെ മാതാപിതാക്കളായ മേഴ്‌സിക്കും ജോയിക്കുമൊപ്പമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.