ന്യൂഡല്‍ഹി: വ്യാജ ഡീപ് ഫേക്ക് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. വ്യാജ വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നതിനെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കി.
നടി രശ്മിക മന്ദാനയുടേത് എന്ന പേരിലുള്ള ഡീപ് ഫേക്ക് വീഡിയോ എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചതിന ്പിന്നാലെയാണ് വിഷയത്തില്‍ മന്ത്രി അടിയന്തരമായി ഇടപെട്ടത്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഐ.ടി നിയമം അനുസരിച്ച് ഉപയോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ ബാധ്യസ്ഥരാണെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 36 മണിക്കൂറിനുള്ളില്‍ പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്തിരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ റൂള്‍ 7 പ്രയോഗിക്കുകയും കമ്പനി കോടതിയിലെത്തേണ്ടിയും വരും. തെറ്റായ വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നതില്‍ ഏറ്റവും അപകടകരവും ആഘാതവുമുള്ള രീതിയാണ് ഡീപ്പ് ഫേക്കുകളെന്നും അവ സോഷ്യല്‍ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു.
അത്യാധുനിക എ.ഐ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന വിഡിയോകളും ഫോട്ടോകളുമാണ് ഡീപ്പ് ഫേക്കുകള്‍. ഒറ്റനോട്ടത്തില്‍ ഒറിജിനലാണെന്ന് തോന്നിപ്പിക്കും വിധത്തിലാണ് ഈ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത്.
ചലച്ചിത്ര താരങ്ങള്‍, സോഷ്യല്‍ മീഡിയ താരങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സമാനമായ രീതിയില്‍ പലതവണ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നതിനെതിരെ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കം രംഗത്തു വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.