റായ്പുര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ സ്ഫോടനം. സ്ഫോടനത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ് ജവാന് പരിക്കേറ്റു. ശ്രീകാന്ത് എന്ന് ജവാനാണ് പരിക്കേറ്റത്. ഇതോടെ ബൂത്തുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഛത്തീസ്ഗഢിലും മിസോറാമിലും ആദ്യഘട്ട വോട്ടെടുപ്പ് രാവിലെ തന്നെ ആരംഭിച്ചിരുന്നു.
പട്രോളിങ് നടത്തുന്നതിനിടെ മാവോവാദികള്‍ സ്ഥാപിച്ച ഐ.ഇ.ഡിയില്‍ അറിയാതെ ചവിട്ടുകയായിരുന്നു ശ്രീകാന്ത്. ചികിത്സയില്‍ പ്രവേശിപ്പിച്ച ശ്രീകാന്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം.
ഛത്തീസ്ഗഢില്‍ മാവോവാദി ഭീഷണി നിലനില്‍ക്കെയാണ് പ്രശ്ന ബാധിത മേഖലയായ ബസ്തര്‍ ഉള്‍പ്പടെയുള്ള 20 മണ്ഡലങ്ങളില്‍ പോളിങ് ആരംഭിച്ചത്. മിസോറമില്‍ 40 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. 25000 ല്‍ അധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിവിധ ബൂത്തുകളിലായി വിന്യസിച്ചിരിക്കുന്നത്.
ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലേറെയും. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഈ വന മേഖലയിലെ 12 മണ്ഡലങ്ങള്‍ പട്ടിക വര്‍ഗ സംവരണ മണ്ഡലങ്ങളാണ്. 2018 വരെ ബി.ജെ.പിക്ക് സ്വാധീനമുണ്ടായിരുന്ന ഈ പ്രദേശം 2018 ല്‍ കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 17 ലും കോണ്‍ഗ്രസ് വിജയിച്ചു. രണ്ട് സീറ്റുകളാണ് ബി.ജെ.പിക്ക് നേടാനായത്. കാര്‍ഷിക മേഖലയില്‍ ഇരു പാര്‍ട്ടികളോടുമുള്ള ജനസമീപനം വ്യക്തമാക്കുന്ന വിധിയെഴുത്ത് സംസ്ഥാനഭരണ സാധ്യതയില്‍ നിര്‍ണായകമാണ്.
നേരത്തേ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായിരുന്ന ഈ മേഖലയില്‍ സി.പി.ഐയുടെ ചില സ്വാധീന പ്രദേശങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ഇക്കുറി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ആറ് മണ്ഡലങ്ങളില്‍ ആം ആദ്മി പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങളെ സ്വാധീനിച്ചേക്കും. രണ്ടാം ഘട്ടം നവംബര്‍ 17 ന് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.