ലോകരാജ്യങ്ങളില്‍ നിന്നും 7000 കുട്ടികള്‍ വത്തിക്കാനില്‍; 'സമാധാനം മനോഹരമാണ്', പാപ്പയോടൊപ്പം ഏറ്റുപറഞ്ഞ് കുട്ടികൾ

ലോകരാജ്യങ്ങളില്‍ നിന്നും 7000 കുട്ടികള്‍ വത്തിക്കാനില്‍; 'സമാധാനം മനോഹരമാണ്', പാപ്പയോടൊപ്പം ഏറ്റുപറഞ്ഞ് കുട്ടികൾ

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും നിന്നും വത്തിക്കാനില്‍ എത്തിയ 7,000 കുട്ടികളുമായി കൂടിക്കാഴ്ച നടത്തി ഫ്രാന്‍സിസ് പാപ്പ. യുദ്ധം, സമാധാനം കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കിയ മറുപടികള്‍ ജ്ഞാനത്തിന്റെ വിത്തു പാകുന്നതായിരുന്നു. യുദ്ധഭൂമിയായ ഉക്രെയ്ന്‍, സിറിയ, പാലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ പ്രത്യേകം സ്വാഗതം ചെയ്ത പാപ്പ സമാധാനത്തിന്റെയും ലാളിത്യത്തിന്റെയും മൂല്യത്തെക്കുറിച്ചാണ് കുട്ടികളെ ഉദ്‌ബോധിപ്പിച്ചത്.

വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ തിങ്ങിനിറഞ്ഞ, 84 രാജ്യങ്ങളില്‍ നിന്നുള്ള 7,500 കുട്ടികള്‍ക്കിടയില്‍ മാര്‍പ്പാപ്പ മറ്റൊരു കുട്ടിയായി മാറുകയായിരുന്നു. കുട്ടികളോട് അവരുടെ ഭാഷയില്‍ സംസാരിച്ച പാപ്പയുടെ ഓരോ മറുപടികളും നിറഞ്ഞ കൈയടികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്.



സ്വാഗതം ചെയ്യുന്ന ഹൃദയവും നീട്ടിയ കൈകളും ചേരുമ്പോഴാണ് സമാധാനം സൃഷ്ടിക്കപ്പെടുന്നതെന്ന്, തന്നെ കാണാനെത്തിയ കുഞ്ഞുങ്ങളോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നിങ്ങളുടെ നിഷ്‌കളങ്കമായ സന്തോഷത്തിലൂടെയും പരിശുദ്ധിയിലൂടെയും ലോകത്തെ പഠിപ്പിക്കാന്‍ കുട്ടികളോട് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ദേഷ്യത്തോടെ ഒരാളോടു പ്രതികരിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണമെന്നും പുഞ്ചിരിയോടെ ഉപദേശിച്ചു.

'ആണ്‍കുട്ടികളില്‍നിന്നും പെണ്‍കുട്ടികളില്‍നിന്നും നമുക്കു പഠിക്കാം' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ബ്രസീലിലെ ആമസോണില്‍ നിന്നുള്ള കുട്ടികള്‍ വേദിയില്‍ ഗാനങ്ങള്‍ ആലപിച്ചത് ശ്രദ്ധേയമായി. 14 രാജ്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കായിരുന്നു മാര്‍പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ലഭിച്ചത്.

സമാധാനം, സാഹോദര്യം, ദൈവത്തിന്റെ സൃഷ്ടികളോടുമുള്ള ബഹുമാനം എന്നിവ കേന്ദ്രീകരിച്ചായിരുന്നു പാപ്പയുടെ സന്ദേശം.



സമാധാനം എങ്ങനെ ഉണ്ടാകുന്നു?

യുദ്ധഭൂമിയായ ഉക്രെയ്‌നില്‍ നിന്നുള്ള ഇവാന്‍ എന്ന കൊച്ചുമിടുക്കന്റെ ചോദ്യം സമാധാനം എങ്ങനെ ഉണ്ടാകുന്നു എന്നായിരുന്നു. അവനെ അരികിലേക്കു വിളിച്ച് ചേര്‍ത്തു നിര്‍ത്തിയായിരുന്നു പാപ്പ മറുപടി നല്‍കിയത്. 'ഇതൊരു കടുപ്പമുള്ള ചോദ്യമാണ്. യുദ്ധമുണ്ടാക്കാനും മറ്റുള്ളവരെ നശിപ്പിക്കാനും എളുപ്പമാണ്. എന്നാല്‍ സമാധാനം സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാനാവില്ല. അതൊരു ഭാവമാണ്. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കൈകള്‍ നീട്ടി നമുക്ക് എല്ലാവരെയും സ്വാഗതം ചെയ്യാം.

നിങ്ങള്‍ സമാധാനംം ആഗ്രഹിക്കുന്നുവോ? പാപ്പ ചോദിച്ചു. എങ്കില്‍ കൈകള്‍ നീട്ടി നിങ്ങളുടെ കൂട്ടുകാരെ സ്വാഗതം ചെയ്യാം. കുട്ടികള്‍ എല്ലാവരും കൈകള്‍ നീട്ടി സമാധാനത്തിനായുള്ള തങ്ങളുടെ വാഗ്ദാനം പ്രകടിപ്പിച്ചു.

'നിങ്ങള്‍ക്കറിയാമോ സമൂഹത്തിന് ദോഷമായ മോശമായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകളുണ്ട്, അവര്‍ യുദ്ധം ചെയ്യുകയും ലോകത്തെ നശിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് മോശമായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടോ?' - പാപ്പ ചോദിച്ചു. കുട്ടികള്‍ ഉച്ചത്തില്‍ പ്രതികരിച്ചു - 'ഇല്ല!'. പാപ്പ വീണ്ടും ചോദിച്ചു - 'നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുമോ?' അതെ എന്ന മറുപടി പാപ്പയെ സന്തോഷിപ്പിച്ചു.

ജീവിതം എന്ന സമ്മാനം

'ദൈവം നമുക്ക് നല്‍കിയ രണ്ട് മഹത്തായ സമ്മാനങ്ങളാണ് ഈ ജീവിതവും ലാളിത്യത്തോടുകൂടി ഒരുമിച്ചിരിക്കാന്‍ കഴിയുന്നതും. കുഞ്ഞുങ്ങളെ കണ്ടുമുട്ടുന്നതും സംസാരിക്കുന്നതുമാണ് എന്റെ ഏറ്റവും വലിയ സന്തോഷം, കാരണം ഓരോ തവണയും നിങ്ങള്‍ എന്നെ പുതിയത് എന്തെങ്കിലും പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, ജീവിതം അതിന്റെ ലാളിത്യത്താല്‍ എത്ര മനോഹരമാണെന്നും ഒരുമിച്ചിരിക്കുന്നത് എത്ര മനോഹരമാണെന്നും നിങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു' - പാപ്പ പറഞ്ഞു.

കുട്ടികളുടെ സഹജമായ സന്തോഷവും അവരുടെ ഐക്യവും നാം കണ്ടുപഠിക്കേണ്ടതിന്റെ പ്രാധാന്യം മാര്‍പാപ്പ ഊന്നിപ്പറഞ്ഞു. 'കുട്ടികള്‍ എവിടെ നിന്ന് വന്നാലും, എപ്പോഴും സ്വാഗതം ചെയ്യപ്പെടുകയും സ്‌നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്.



ഓര്‍ക്കണം ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളെ

യുദ്ധം, പട്ടിണി, കാലാവസ്ഥാ ദുരന്തങ്ങള്‍, ചൂഷണം, മനുഷ്യക്കടത്ത് എന്നിവയാല്‍ കഷ്ടപ്പെടുന്ന കുട്ടികളോടുള്ള അനുഭാവം പാപ്പ പങ്കുവച്ചു. നിങ്ങളുടെ പ്രായത്തിലുള്ള ആ കുട്ടികളെ എപ്പോഴും ഓര്‍ക്കണമെന്ന് അവിടെ സന്നിഹിതരായിരുന്ന കുട്ടികളോട് പാപ്പ ആവശ്യപ്പെട്ടു.

പാപ്പാ സ്വപ്നം കാണാറുണ്ടോ?

കുട്ടികളുടെ ചോദ്യങ്ങള്‍ക്കു വേണ്ടി പാപ്പ തന്റെ സന്ദേശം വെട്ടിച്ചുരുക്കി. രാത്രിയില്‍ പാപ്പ എന്താണ് സ്വപ്നം കാണുന്നതെന്നായിരുന്നു ഒരു കുട്ടിയുടെ ചോദ്യം.

'ഞാന്‍ ഉറങ്ങുന്നതിനാല്‍ എന്താണ് സ്വപ്നം കാണുന്നത് എന്ന് എനിക്കറിയില്ലെന്നാണ് പാപ്പ തമാശയോടെ പ്രതികരിച്ചത്. കുട്ടിയായിരുന്നപ്പോള്‍ താന്‍ ഓര്‍ക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണാറുണ്ട്. സ്വപ്നം കാണുന്നത് മനോഹരമാണ്, ജീവനുള്ള എന്തോ ഒന്ന് ഹൃദയത്തെ ചലിപ്പിക്കുന്നതായി അനുഭവപ്പെടുന്നു'

പ്രകൃതിയെ പരിപാലിക്കാം

'ഭൂമിയെ നശിപ്പിക്കുന്നവന്‍ നമ്മളെയും നശിപ്പിക്കുന്നു. പ്രകൃതിയെ പരിപാലിക്കുക, കാരണം പ്രകൃതി നമ്മെ പരിപാലിക്കുന്നു. ജോലി നമുക്ക് മാന്യത നല്‍കുന്നു. ഭക്ഷണം പാഴാക്കരുത്. സമാധാനത്തിനായി കുട്ടികളുടെ ശബ്ദം ആവശ്യമാണ്, കാരണം കുട്ടികള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാണ് - തുടങ്ങിയ ഉദ്‌ബോധനങ്ങളും പാപ്പ പങ്കുവച്ചു.

സിറിയയില്‍ നിന്നുള്ള ഒന്‍പതു വയസുകാരന്റെ ചോദ്യം കേള്‍വിക്കാരുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതായിരുന്നു - 'എന്തുകൊണ്ടാണ് യുദ്ധത്തില്‍ കുട്ടികളെ കൊല്ലുന്നത്, ആരും അവരെ പ്രതിരോധിക്കാത്തത് എന്തുകൊണ്ടാണ് ?

ഇതാണ് യുദ്ധത്തിന്റെ ക്രൂരമുഖം, യുദ്ധസമയത്ത് നിരപരാധികളായ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുന്നത് ക്രൂരതയാണ്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി പിതാവിനോട് പ്രാര്‍ത്ഥിക്കാന്‍ പാപ്പ എല്ലാവരെയും ക്ഷണിച്ചു.

മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ സമാധാനം പിന്നെ ഉണ്ടാകില്ലേ എന്നായിരുന്നു പാലസ്തീനില്‍ നിന്നുള്ള 12 വയസുകാരിയുടെ ചോദ്യം. അതുണ്ടാകാതിരിക്കാന്‍ സമാധാനത്തിനായി നാം പ്രവര്‍ത്തിക്കണം - മാര്‍പാപ്പ പറഞ്ഞു, എല്ലാവരും കൈവീശി പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. അതിലൂടെ പാലസ്തീനിലെ ആളുകളോടുള്ള നമ്മുടെ അനുഭാവം അവള്‍ക്ക് അറിയിക്കാന്‍ കഴിയും.

'സമാധാനം മനോഹരമാണ്!'- മാര്‍പാപ്പ പറഞ്ഞപ്പോള്‍ കുട്ടികളും അത് ഉച്ചത്തില്‍ ഏറ്റുപറഞ്ഞു. യുദ്ധത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കായി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നിശബ്ദമായി ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥന നടത്തിയാണ് കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.