മാക്‌സ് 'വെല്‍ ഡണ്‍'; മാക്‌സ് വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഓസീസിന് അവിശ്വസനീയ ജയം

മാക്‌സ് 'വെല്‍ ഡണ്‍'; മാക്‌സ് വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഓസീസിന് അവിശ്വസനീയ ജയം

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്നായി മാക്‌സ് വെല്ലിന്റെ മനോഹര ഇന്നിംഗ്‌സ്. ഏഴിന് 91 എന്ന നിലയില്‍ തകര്‍ന്ന് തോല്‍വി മുന്നില്‍ കണ്ട ഓസീസിനെ മാക്‌സ് വെല്‍ തന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ അവിശ്വസനീയ ജയത്തിലേക്കു നയിച്ചു. ഒപ്പം സെമിഫൈനല്‍ ബര്‍ത്തും സമ്മാനിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു. സെഞ്ചുറി നേടിയ സദ്രാന്റെ മികവിലാണ് അഫ്ഗാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 143 പന്തുകള്‍ നേരിട്ട സിദ്രാന്‍ മൂന്ന് സിക്‌സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെ 129 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സഖ്യം അഭേദ്യമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ റാഷിദ് ഖാനൊപ്പം 58 റണ്‍സും കൂട്ടിച്ചേര്‍ത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിന് 91 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ വീരോചിത ഇന്നിംഗ്‌സിലൂടെ മാക്‌സ് വെല്‍ കരകയറ്റുകയായിരുന്നു.

മറുവശത്ത് നായകനെ കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു മാക്‌സ് വെല്ലിന്റെ പ്രകടനം. ഒരു വശത്ത് മാക്‌സി ആളിക്കത്തിയപ്പോള്‍ ഒരറ്റം തകരാതെ കാക്കുക മാത്രമായിരുന്നു കമ്മിന്‍സിന് ചെയ്യേണ്ടിയിരുന്നത്. 68 പന്തു നേരിട്ട കമ്മിന്‍സ് നേടിയത് വെറും 12 റണ്‍സ് മാത്രമാണ്.

ഇരട്ട സെഞ്ചുറി കുറിച്ച മാക്‌സ് വെല്‍ കപില്‍ ദേവിന്റെ പേരിലുള്ള ഒരു ലോകകപ്പ് റെക്കോര്‍ഡും തിരുത്തിക്കുറിച്ചു. ഒരു ആറാം നമ്പര്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന ലോകകപ്പ് സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് മാക്‌സ് വെല്‍ തിരുത്തിയെഴുതിയത്. 1983ല്‍ കപില്‍ ദേവ് കുറിച്ച 175 റണ്‍സെന്ന 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. സിംബാബയ്‌ക്കെതിരെയായിരുന്നു കപിലിന്റെ പ്രകടനം.

ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറും മൂന്നാമത്തെ ഇരട്ടസെഞ്ചുറിയുമാണ് മാക്‌സ് വെല്‍ നേടിയത്. 2015 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടില്‍ നേടിയ 237 റണ്‍സാണ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

അതേ ലോകകപ്പില്‍ സിംബാബ് വെയ്‌ക്കെതിരെ 215 റണ്‍സ് അടിച്ച ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍. ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ആദ്യ ഇരട്ടസെഞ്ചുറി കൂടിയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.