മോശയുടെ മുഖം മിന്നിത്തിളങ്ങി; മോശയുടെ മുഖശോഭയും മുഖാവരണവും

മോശയുടെ മുഖം മിന്നിത്തിളങ്ങി; മോശയുടെ മുഖശോഭയും മുഖാവരണവും

പുരാതന സഭയിലെ ഒരു ഉജ്ജ്വല താരമായ ഒരിജൻ മോശയുടെ മുഖശോഭയ്ക്കും മുഖാവരണത്തിനും നൽകിയ അർത്ഥം വളരെ വലുതാണ്. പഴയ നിയമ ത്തിന് ആലങ്കാരികാർത്ഥം നൽകുന്ന ഈ രീതി യഹൂദരരുടെ ഇടയിൽ പ്രചരിച്ചിരുന്നു. സീനായ് മലയിൽ വെച്ച് ദൈവവുമായി സംസാരിച്ച മോശയുടെ മുഖം പ്രശോഭിച്ചു. എന്നാൽ ഇക്കാര്യം മോശ അറിഞ്ഞില്ല. അവനെ സമീപിക്കാൻ ഇസ്രായേൽക്കാർ ഭയപ്പെട്ടു. മോശ ഒരു മൂടു പടം കൊണ്ട് മുഖം മറച്ചു.   ജനത്തോട് സംസാരിക്കുമ്പോഴൊക്കെ മൂടുപടം ധരിച്ചിരുന്നു. മോശയുടെ മുഖത്തിലെ  മഹനീയ ശോഭ ഉറ്റു നോക്കുവാൻ ഇസ്രായേൽക്കാരുടെ  പാപാവസ്ഥ അവരെ അനുവദിച്ചില്ല.

മോശയിലെ രൂപാന്തരീകരണം

നമ്മൾ മരം വെട്ടി വെള്ളത്തിലിട്ടാൽ മരം വെള്ളത്തിൽ താണു പോകും. എന്നാൽ  അതേ മരം കൊണ്ട് ഉണ്ടാക്കിയ വഞ്ചി താണു പോകുന്നില്ല. അതുപോലെതന്നെ ഇരുമ്പ് വെള്ളത്തിലിട്ടാലും, എന്നാൽ ഇരുമ്പു കൊണ്ടുള്ള കപ്പൽ താഴില്ല.   എന്താണ് കാരണം?  എന്താണ് ഇവിടെ സംഭവി ക്കുന്നത്? മരവും, ഇരുമ്പും  അതിൻറെ സ്വഭാവിക രീതിയിൽ താണുപോകുന്നു. ഇവയുടെ രൂപമാറ്റം ഇവയെ വെള്ളത്തിൽ പൊന്തികിടക്കാൻ സഹായിക്കുന്നു. എന്ന് പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുമ്പോഴും ചില രീതികൾ മാറുമ്പോഴും നമ്മളിൽ, മറ്റുള്ളവർക്ക് ചില മാറ്റങ്ങൾ കാണാൻ സാധിക്കും. അതാണ് പഴയ നിയമത്തിലെ മോശക്ക് –(40  രാവും 40 പകലും ഉപവസിക്കുകയും, ദൈവത്തോട് നേരിട്ട് സംസാരിക്കാനുമുള്ള അവകാശം ലഭിച്ച്, ആ ദൈവശോഭയിലെ, ദൈവിക പ്രഭയിലെ മാറ്റമാണ് രൂപാന്തരീകരണം വഴി ) സംഭവിക്കുന്നത്.  അതായത് അദ്ദേഹത്തിന് മാറ്റം സംഭവിച്ചു. അതാണ് അന്ന്  മലയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ - കൽപ്പനകളും ഉടമ്പടിയുമായി - അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതായി കണ്ടതും, കണ്ടു നിന്ന  എല്ലാവർക്കും ആ ഒരു ദിവ്യത്വം, അഥവ ദൈവീകത അദ്ദേഹത്തിൻറെ മുഖത്ത് കാണാൻ സാധിച്ചതും. 

പുതിയ നിയമത്തിലെ യേശു
പുതിയ നിയമത്തിലെ യേശുവിനും ഇതേ പോലെ തന്നെ രൂപാന്തരീകരണം സംഭവിക്കുന്നതായിട്ടാണ് നമ്മൾ സമാന്തര സുവിശേഷങ്ങളിൽ കാണുന്നത് (മത്താ: 17: 1-8, മർക്കോ: 9: 2 - 8, ലൂക്ക: 9 :28-36 , പത്രോ: 1: 17 – 18) ഈ മാറ്റം വരേണ്ടത് ഓരോ വ്യക്തിയുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലും, ദൈവാഭിമുഖ്യത്തിലുമാണ്. ഓരോ നിമിഷവും ദൈവീകതയിലേക്ക് നാം അടുത്തു ക്കൊണ്ടിരുന്നാൽ  ആ വ്യക്തിയിലൂടെ ദൈവം പ്രവർത്തിക്കാൻ തുടങ്ങും. ദൈവീകതയിൽ ഉണ്ടാകുന്ന ഈ മാറ്റമാണ്  രൂപാന്തരീകരണം. ഈ അവസ്ഥത്തന്നെയാണ് ചില വിശുദ്ധൻമാർ മരിച്ചാലും അഴുകാത്ത ശരീരമായി കാണപ്പെടുന്നുതും, നാം അവരെ നമ്മുടെ പ്രാർത്ഥനാഹേതുവാക്കി തീർക്കുന്നതും, അവരോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നതും.

പഴയ നിയമ പൂർത്തീകരണം

പുറപ്പാട് പുസ്തകത്തിലൂടെ കടന്നു പോകുമ്പോൾ മോശ എന്ന വ്യക്തിയിലും പുതിയ നിയമത്തിലെ യേശു എന്ന ദൈവപുത്രനിലും ഇതേ അവസ്ഥ നമുക്ക് കാണാൻ സാധിക്കും. ഇത് മോശയിലൂടെ ആരംഭിച്ച് യേശുവിലൂടെയും പിന്നിട് വിശുദ്ധരിലൂടെയും പൂർത്തിയാകുന്ന രൂപാന്തരീകരണമാണ്. 
ഇസ്രായേൽക്കാരെ പോലെ നമ്മൾ ഇന്നും പഴയ നിയമത്തിന്റെ പൂർത്തീകരണമായ പുതിയ നിയമഗ്രന്ഥത്തെ പലപ്പോഴും വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഇതേ മൂടുപടത്തിലൂടെ തന്നെയാണ്. പഴയ നിയമത്തിന്റെ പൂർത്തീകരണമായ പുതിയ നിയമത്തെ അഥവാ സുവിശേഷത്തെ പൂർണ്ണമായും നമുക്ക് മനസ്സിലാകാത്തത് അതുകൊണ്ടാണ്. ഇതേ കാര്യമാണ് 2 കൊറി 3:14-18 -ൽ നാം കാണുന്നത്.

പ്രാര്‍ത്ഥിക്കുന്നവന്‍ പ്രകാശിക്കും

ഈ ദൈവീക രൂപാന്തരീകരണം പഴയ നിയമത്തിൻ്റെ പൂർത്തീകര ണമായി  നമ്മുക്ക് പുതിയ നിയമത്തിൽ കാണാവുന്നതാണ്. ചുരുക്കത്തിൽ മോശയുടെ മുഖശോഭ എന്നു പറഞ്ഞാൽ മോശ സായത്തമാക്കിയ ദൈവീ കതയാണ് എന്ന് മനസ്സിലാക്കാം.  ക്രിസ്തുവിലേക്ക് തിരിഞ്ഞെങ്കിൽ മാത്രമേ നമ്മുക്ക് മോശയുടെ അവസ്ഥ മനസ്സിലാകുകയുള്ളു. ശ്രോതാക്കളുടെ കഴിവും താൽപര്യവും വിശ്വാസവും അനുസരിച്ച് സുവിശേഷത്തിലേ ഓരോ സംഭവവും ഇരുത്തി വായിച്ചാൽ ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി കാണാവുന്നതാണ്.

ദൈവത്തോടുള്ള മനുഷ്യന്റെ സംഭാഷണമാണ് പ്രാര്‍ത്ഥന. ഈ നിര്‍വചനം മോശയും ദൈവവുമായുള്ള സംഭാഷണത്തോടു ചേര്‍ത്തുവച്ചാല്‍, മോശയും പ്രാര്‍ത്ഥനയിലായിരുന്നുവെന്നു നമുക്കു മനസ്സിലാക്കാം. ആ പ്രാര്‍ത്ഥനയുടെ പ്രകാശമായിരുന്നു മോശയുടെ മുഖത്തിൻ്റെ തേജസ്സിന്റെ കാരണം. ദൈവത്തിന്റെ തേജസ്സ്, ദൈവത്തോടൊപ്പം ആയിരിക്കുന്നവന്റെ തേജസായി മാറുന്നു.  അതുകൊണ്ടാണല്ലോ നല്ലൊരു ധ്യാനമൊക്കെ നടത്തി, കുമ്പസാരിച്ചു വരുന്നയാളിന്റെ മുഖത്തും ദൈവത്തിന്റെ പ്രകാശം നാം ദര്‍ശിക്കുന്നത്. അതേ, പ്രാര്‍ത്ഥിക്കുന്നവന്‍ പ്രകാശിക്കും, ദൈവമവനെ ജ്വലിപ്പിക്കും!

വിശുദ്ധ കുർബാന

ഇന്ന് വിശുദ്ധ കുർബാനയിൽ നാം കാണുന്ന ചില ഭാഗങ്ങളിൽ ഈ മൂടുപടം കാണാൻ സാധിക്കും. ആദ്യമായി സഭകളിലെ കുർബാനയിൽ ദിവ്യരഹസ്യത്തിന്റെ ഭാഗങ്ങളിൽ വിരി ഇടുന്നത് ഇതിൻറെ ഒരു ഭാഗമാണ് അതുപോലെ തന്നെ പുതിയ കുർബാനക്രമത്തിൽ പുരോഹിതൻ ദൈവാഭിമുഖമായി കുർബാന ചൊല്ലുന്നതും ഇതിൻറെ മറ്റൊരു രൂപമാണ്. ഇന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത വിധം ദൈവ രഹസ്യം വെളിപ്പെടുന്നതും ഇതിലൂടെയാണ്. യേശു മരിച്ചപ്പോൾ ദേവാലയത്തിൻ്റെ തിരശ്ശീല രണ്ടായി കീറി എന്നു പറയുന്നതും, ഈ മൂടുപടത്തിന്റെ മറ്റൊരു ദൈവീകാവിഷ്ക്കാരമാണ്. ദൈവം മനുഷ്യനുമായി സംവദിക്കുന്നതിന് നേരിട്ട് ഇറങ്ങി വന്നതിന്റെ പ്രതീകാത്മകമായ ഭാവങ്ങളാണ് ഈ സംഭവങ്ങൾ. അതുകൊണ്ടാണ് ദൈവത്തിൻ്റെ പദ്ധതി മനുഷ്യന് അത്രകണ്ട് മനസ്സിലാകാത്തത്.   മാനുഷിക പദ്ധതിയും ദൈവിക പദ്ധതിയും പരസ്പര പൂരകങ്ങളായി മാറുമ്പോൾ ആണ് മോശയുടെ ദിവ്യശോഭയും, മനുഷ്യൻ്റെ മൂടുപടത്തിലൂടെ കാണാനാവുക. തന്മൂലം ദൈവം മനുഷ്യനിൽ പ്രവർത്തിക്കുമ്പോൾ അവൻറെ മുഖകാന്തി ശോഭിക്കുകയും തന്മൂലം മറ്റു വ്യക്തികളിൽ ആ ദിവ്യ ശോഭ കാണാൻ സാധിക്കുകയും ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26