ന്യൂഡല്‍ഹി: സൗര ജ്വാലയുടെ തീവ്രത ഒപ്പിയെടുത്ത് ഇന്ത്യയുടെ ആദിത്യ എല്‍ 1. ഐഎസ്ആര്‍ഒ ഇക്കാര്യം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. പേടകത്തിലെ എക്സറേ സ്പെക്ട്രോ മീറ്ററാണ് സൗര ജ്വാലകളെ പകര്‍ത്തിയെടുത്തത്. ഒക്ടോബര്‍ 29 നാണ് ഇത് പകര്‍ത്തിയത്.
സൗര ജ്വാലകളെ എക്‌സ്‌റേകളും ഗാമറേകളും ഉപയോഗിച്ച് കാലങ്ങളായി ശാസ്ത്ര ലോകം പഠിക്കുന്നുണ്ട്. എന്നാല്‍ സൂര്യനിലെ വിസ്ഫോടന സമയത്തുണ്ടാവുന്ന സൗര ജ്വാലകളെയും അവ പുറന്തള്ളുന്നതുമായ പ്രക്രിയകളെയും മനസിലാക്കാനും പഠിക്കാനും ഏറെ ബുദ്ധിമുട്ടാണ്.
കൊറോണല്‍ മാസ് ഇജക്ഷനുകള്‍, സോളാര്‍ കണിക സംഭവങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പവും അല്ലാതെയും സൗര ജ്വാല ഉണ്ടാകുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
ഉയര്‍ന്ന അളവിലാണ് ഇവ ഊര്‍ജം പുറപ്പെടുവിക്കുന്നത്. ഈ രാക്ഷസ ജ്വാലകളെപ്പറ്റി കൃത്യമായി പഠിക്കാന്‍ ഇതുവരെ ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടില്ല. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായിട്ടാണ് ആദിത്യ എല്‍ 1 ഹെലിയോസ് പേലോഡിനെ സജ്ജമാക്കിയിരിക്കുന്നത്.
ഹെലിയോസ് വഴി സൂര്യനിലെ ഊര്‍ജ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കും. അതിവേഗത്തിലും ഉയര്‍ന്ന റെസല്യൂഷനിലുമായിരിക്കും ഇക്കാര്യങ്ങളെല്ലാം ഹെലിയോസിലൂടെ സാധ്യമാകുക.
ഓരോ സൗര ജ്വാലയും വ്യത്യസ്തപ്പെട്ടിരിക്കുന്നു. സൂര്യന്റെ അന്തരീക്ഷത്തിലെ വൈദ്യുതകാന്തിക വികിരണത്തിന്റെ ഫലമായിട്ടാണ് ഇത് സംഭവിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തില്‍ സംഭരിച്ചിരിക്കുന്ന കാന്തിക ഊര്‍ജം ചുറ്റുമുള്ള പ്ലാസ്മയിലെ ചാര്‍ജ് കണങ്ങളെ ത്വരിതപ്പെടുത്തുമ്പോള്‍ സൗര ജ്വാലകള്‍ സംഭവിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സൂര്യനില്‍ സൗര ജ്വാലകള്‍ രൂപപ്പെടുന്ന സമയത്തെ വിസ്ഫോടനാത്മകമായ ഊര്‍ജത്തെ പുറന്തള്ളുന്നതിനെ കുറിച്ചും ഇലക്ട്രോണ്‍ കുതിപ്പിനെ കുറിച്ചുമെല്ലാം ആദിത്യ എല്‍ 1 പഠനം നടത്തുമെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.
ഐഎസ്ആര്‍ഒയുടെ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററാണ് ഇത് വികസിപ്പിച്ചെടുത്തത്. സൂര്യനിലെ കൊറോണയെ കുറിച്ചും സൗരക്കാറ്റിനെ കുറിച്ചുമെല്ലാം നിരീക്ഷണം നടത്താനും പഠിക്കാനുമാണ് ആദിത്യ എല്‍ 1 വിക്ഷേപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.