എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വൈകരുത്; ഏഴ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വൈകരുത്; ഏഴ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായി ഹൈക്കോടതികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി സുപ്രീം കോടതി.

ഭരണഘടനയുടെ അനുച്ഛേദം 227 പ്രകാരമുള്ള അധികാരമുപയോഗിച്ച് ഹൈക്കോടതികള്‍ക്ക് ഇത്തരം കേസുകള്‍ നിരീക്ഷിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി ഏഴ് മാര്‍ഗ നിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ചിനോ അതല്ലെങ്കില്‍ അദേഹം നിയോഗിച്ച ബെഞ്ചിനോ സ്വമേധയാ പരിഗണിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

എന്നാല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്ന ഏകീകൃത നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍:

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ നേരത്തേ തീര്‍പ്പാക്കുന്നത് നിരീക്ഷിക്കുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാം. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ചോ അദേഹം നിയോഗിച്ച ബെഞ്ചിനോ സ്വമേധയാ കേസ് പരിഗണിക്കാം

സ്വമേധയാ കേസ് പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് ആവശ്യമെന്ന് തോന്നുന്ന സമയത്ത് കൃത്യമായ ഇടവേളകളില്‍ വിഷയം ലിസ്റ്റ് ചെയ്യാം. കേസുകള്‍ വേഗത്തിലും കാര്യക്ഷമമായും തീര്‍പ്പാക്കുന്നതിന് ആവശ്യമായ ഉത്തരവുകളും നിര്‍ദേശങ്ങളും ഹൈക്കോടതിക്ക് പുറപ്പെടുവിക്കാം. കോടതിയെ സഹായിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെയോ പ്രോസിക്യൂട്ടറെയോ വിളിക്കുന്ന കാര്യവും പ്രത്യേക ബെഞ്ചിന് പരിഗണിക്കാം.

കോടതികള്‍ക്ക് കേസുകള്‍ കൈമാറുന്നതിനായുള്ള ഉത്തരവാദിത്തം ഒരു പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വഹിക്കണമെന്ന് ഹൈക്കോടതിക്ക് ആവശ്യപ്പെടാം. ഇടവേളകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ ഹൈക്കോടതിക്ക് ചുമതലപ്പെടുത്താം.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളില്‍ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്നവ എന്നിങ്ങനെയാണ് കേസുകള്‍ക്ക് പരിഗണന നല്‍കേണ്ടത്.

വിചാരണ ആരംഭിക്കുന്നതിനായി സ്റ്റേ നീക്കുന്നത് ഉള്‍പ്പെടെയുള്ള ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക ബെഞ്ചിന് മുമ്പാകെ വിചാരണ സ്റ്റേ ലഭിച്ച കേസുകള്‍ ലിസ്റ്റ് ചെയ്യാം.

പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കോടതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് ഉചിതമായ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കണം.

കേസ് ഫയല്‍ ചെയ്ത വര്‍ഷം, തീര്‍പ്പാക്കാത്ത കേസുകളുടെ എണ്ണം, നടപടിക്രമങ്ങളുടെ ഘട്ടം എന്നിവയെക്കുറിച്ച് ജില്ല തിരിച്ചുള്ള വിവരങ്ങള്‍ക്കായി വെബ്‌സൈറ്റില്‍ പ്രത്യേക ടാബ് ഹൈക്കോടതി തയാറാക്കണമെന്നും മര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.