സ്വകാര്യതയെ ബാധിച്ചു; സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപേക്ഷിച്ച് ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍

സ്വകാര്യതയെ ബാധിച്ചു;  സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപേക്ഷിച്ച് ബ്രസീലിയന്‍ മോഡലിന്റെ  ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍

ന്യൂഡല്‍ഹി: ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഹരിയാനയിലെ വോട്ടര്‍ കാര്‍ഡുകളില്‍ വ്യാപകമായി ഉപയോഗിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

ബ്രസീലിയന്‍ നഗരമായ ബെലോ ഹൊറിസോണ്ടോയില്‍ താമസിക്കുന്ന മതെയൂസ് ഫെറേറോയാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. ഇയാള്‍ പകര്‍ത്തിയ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഹരിയാനയിലെ റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളിലായി 22 വോട്ടുകള്‍ക്ക് ഉപയോഗിച്ചെന്നാണ് വോട്ട് കൊള്ള സംബന്ധിച്ച് രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി വ്യക്തമാക്കിയത്.

2017 ലാണ് മാത്യു ഫെറേറോ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പകര്‍ത്തിയത്. അവരുടെ അനുവാദത്തോടെയാണ് അത് ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ പങ്കുവച്ചതും. 'നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ' എന്ന അടിക്കുറിപ്പോടെ നല്‍കിയിരിക്കുന്ന ചിത്രം സ്റ്റോക്ക് ഫോട്ടോഗ്രഫി വെബ്‌സൈറ്റുകളായ അണ്‍പ്ലാഷ്, പിക്സല്‍സ് എന്നിവയില്‍ നിന്നും ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാം.

ഇതുവരെ ഏകദേശം നാല് ലക്ഷത്തോളം പ്രാവശ്യം ഈ ചിത്രം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പല പബ്ലിക്കേഷന്‍സും ഈ ചിത്രം ഉപയോഗിച്ചിട്ടുമുണ്ട്. എന്നാല്‍, ഈ ചിത്രം ഉപയോഗിച്ച് വോട്ട് കൊള്ള നടത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ചിത്രം പകര്‍ത്തിയതാരെന്നും ചിത്രത്തിന്റെ ഉടമ ആരാണെന്നുമുള്ള അന്വേഷണം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്.

ഇത് സ്വകാര്യതയെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് മതെയൂസ് ഫെറേറോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലരും ബ്രസീലിയന്‍ മോഡലിന്റെ പേര് മതെയൂസ് ഫെറേറോ എന്നാണെന്ന് തെറ്റിധരിച്ചും അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.

ലക്ഷക്കണക്കിന് പേരാണ് ഓണ്‍ലൈനില്‍ അദേഹത്തിന്റെ അക്കൗണ്ട് പരിശോധിച്ചത്. തന്റെ അക്കൗണ്ട് പൂര്‍ണമായും ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഫെറേറൊ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ നിന്നും ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരു ചിത്രമാണ് അതെന്ന് പലര്‍ക്കും മനസിലായിട്ടില്ലെന്നും ഫെറേറോ പ്രതികരിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധി ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ഫോട്ടോയുടെ ഉടമയായ ലാരിസ നെരി എന്ന യുവതിയും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. താനൊരു മോഡല്‍ അല്ലെന്നും ഒരു സുഹൃത്തിനെ സഹായിക്കാനാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും ലാരിസ പറഞ്ഞു.

തന്റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചത് വിശ്വസിക്കാനാകില്ലെന്നും എല്ലാവരും അത് കണ്ട് ചിരിക്കുകയാണെന്നും പറഞ്ഞാണ് ലാരിസ വീഡിയോ പങ്കുവച്ചത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

'സുഹൃത്തുക്കളേ, നിങ്ങളോട് ഞാന്‍ ഒരു തമാശ പറയാം. ഇത് ആദ്യം കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്റെ പഴയ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അവര്‍ എന്റെ ചിത്രം ഉപയോഗിച്ച് ഇന്ത്യയില്‍ വോട്ട് ചെയ്തിരിക്കുന്നു. ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്' എന്നായിരുന്നു ലാരിസയുടെ പ്രതികരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.