കേരളവർമ കോളജ് തിരഞ്ഞെടുപ്പ്; അസാധുവായ വോട്ടുകൾ എങ്ങനെ റീ കൗണ്ടിങ്ങിൽ വന്നു; വിമർശനവുമായി ഹൈക്കോടതി

കേരളവർമ കോളജ് തിരഞ്ഞെടുപ്പ്; അസാധുവായ വോട്ടുകൾ എങ്ങനെ റീ കൗണ്ടിങ്ങിൽ വന്നു; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: തൃശൂർ കേരള വർമ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെണ്ണലിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന്‌ ഹൈക്കോടതി. അസാധുവായ വോട്ടുകൾ റീകൗണ്ടിങ്ങിൽ വീണ്ടും എണ്ണിയതായി കോടതി കണ്ടെത്തി. റീകൗണ്ടിങ്ങിൽ സാധു വോട്ടുകൾ മാത്രമാണ് പരിഗണിക്കേണ്ടതെന്നിരിക്കെ അസാധു വോട്ടുകൾ എങ്ങനെ വന്നുവെന്നും കോടതി ആരാഞ്ഞു.

യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ വരണാധികാരി ഹാജരാക്കിയത് കോടതി പരിശോധിച്ചു. ഇതിലാണ് അസാധു വോട്ടുകൾ പ്രത്യേകമായി രേഖപെടുത്താത്തത് കണ്ടെത്തിയത്. കേസിൽ പിന്നീട് വിധി പറയുമെന്ന് ജസ്റ്റിസ് ടി.ആർ രവി അറിയിച്ചു. ആദ്യ തവണ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കെ.എസ്.യു 896, എസ്.എഫ്.ഐ 895 എന്നിങ്ങനെയായിരുന്നു ലീഡ് നില.

പീന്നിട് നടന്ന റീ കൗണ്ടിങിൽ എസ്.എഫ്.ഐ 899, കെ.എസ്.യു 895 എന്നിങ്ങനെ ലീഡ് നിലയിൽ മാറ്റം വന്നു. എന്നാൽ റീ കൗണ്ടിങിനായി എസ്.എഫ്.ഐ സ്ഥാനാർഥി നൽകിയ അപേക്ഷയിൽ വ്യക്തമായ ഒരു കാരണവും കോടതിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയിൽ ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ യഥാർഥ ടാബുലേഷൻ രേഖകൾ കോടതി പരിശോധിച്ചു. തിരഞ്ഞെടുപ്പിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.