സൗദി അറേബ്യയില്‍ വംശനാശഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി വര്‍ഗത്തില്‍പെട്ട ഏഴ് കുഞ്ഞുങ്ങള്‍ പിറന്നു

സൗദി അറേബ്യയില്‍ വംശനാശഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി വര്‍ഗത്തില്‍പെട്ട ഏഴ് കുഞ്ഞുങ്ങള്‍ പിറന്നു

ജിദ്ദ: വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി വര്‍ഗത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ പിറന്നു. തായിഫിലെ അമീര്‍ സൗദ് അല്‍ഫൈസല്‍ വന്യജീവി ഗവേഷണ കേന്ദ്രത്തിലാണ് പ്രസവമെന്ന് അല്‍ഉല റോയല്‍ കമ്മിഷന്‍ അറിയിച്ചു. ഈ വന്യജീവി ഗവേഷണ കേന്ദ്രത്തില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ നിരവധി കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ട്. ഇതോടെ കേന്ദ്രത്തിലെ മൊത്തം അറേബ്യന്‍ പുള്ളിപ്പുലികളുടെ എണ്ണം 27 ആയി.

വന്യജീവികള്‍ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അറേബ്യന്‍ പുള്ളിപ്പുലികളെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കാനും നടക്കുന്ന ശ്രമങ്ങളുടെ വിജയമാണിതെന്നും കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

2020-ല്‍ ഈ വര്‍ഗത്തെ സംരക്ഷിക്കാന്‍ ആരംഭിച്ച പദ്ധതിക്ക് ശേഷം അവയുടെ എണ്ണം ഇരട്ടിയാവുകയായിരുന്നു. വംശനാശത്തില്‍ നിന്ന് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി 10 ന് അന്താരാഷ്ട്ര അറേബ്യന്‍ പുള്ളിപ്പുലി ദിനമായി ഐക്യരാഷ്ട്ര സഭ അംഗീകരിക്കുകയും ചെയ്തു.

ലോകത്ത് അറേബ്യന്‍ പുള്ളിപ്പുലികള്‍ വെറും 200 എണ്ണം മാത്രമാണെന്നും ഗുരുതരമായ വംശനാശഭീഷണിയാണ് നേരിടുന്നതെന്നുമാണ് ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ റിപ്പോര്‍ട്ട്. സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടമായതും വേട്ടയാടലും കൊണ്ടാണ് ഈ സ്ഥിതിവിശേഷമുണ്ടായത്. ഇതേ തുടര്‍ന്നാണ് അറേബ്യന്‍ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനും വംശനാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതി അല്‍ഉല റോയല്‍ കമ്മിഷന്‍ ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.