ഖത്തറിന്റെ മധ്യസ്ഥതയില്‍ ബന്ദികളെ മോചിപ്പിക്കാന്‍ രണ്ട് വ്യത്യസ്ത ചര്‍ച്ചകള്‍; സാധാരണക്കാര്‍ക്കും വിദേശികള്‍ക്കും മുന്‍ഗണന

ഖത്തറിന്റെ മധ്യസ്ഥതയില്‍ ബന്ദികളെ മോചിപ്പിക്കാന്‍ രണ്ട് വ്യത്യസ്ത ചര്‍ച്ചകള്‍;  സാധാരണക്കാര്‍ക്കും വിദേശികള്‍ക്കും മുന്‍ഗണന

ടെല്‍ അവീവ്: ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേല്‍-ഹമാസ് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബന്ദികളെ മോചിപ്പിക്കുന്നതിന് വ്യത്യസ്ത നിര്‍ദേശങ്ങള്‍ അടങ്ങിയ രണ്ട് ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

കുറച്ചു പേരെ മോചിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ആദ്യത്തെ ചര്‍ച്ചകളില്‍ പരിഗണിക്കുന്നത്. രണ്ടാമത്തെ ചര്‍ച്ചകളില്‍ ഹമാസ് ബന്ദികളാക്കിയ നൂറോ അതിലധികമോ പൗരന്മാരെ മോചിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ഇസ്രയേലിന്റെ കണക്കുകള്‍ പ്രകാരം 240 ലധികം പേരെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ട്. ഇതില്‍ പകുതി പേരും സാധാരണക്കാരാണ്. സാധാരണക്കാരായ മുഴുവനാളുകളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് വലിയ ചര്‍ച്ചകളുടെ ഭാഗമായി നടന്നു വരുന്നത്.

ആദ്യ നിര്‍ദേശം അനുസരിച്ച് ഇസ്രയേല്‍ പൗരന്മാരായ സ്ത്രീകളും കുട്ടികളും അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പടെയുള്ള വിദേശികളുമടക്കം പത്ത് മുതല്‍ ഇരുപത് വരെ സിവിലയന്മാരെ ഹമാസ് മോചിപ്പിക്കേണ്ടി വരും. പകരം നിലവില്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ ഇടവേള നല്‍കും. ഇരു പക്ഷവും സമ്മതിച്ചാല്‍ രണ്ടാമത്തെ നിര്‍ദേശമടങ്ങിയ നൂറോളം സാധാരണക്കാരെ വിട്ടയക്കാന്‍ സാധിക്കും.

എല്ലാ സിവിലിയന്മാരെയും മോചിപ്പിക്കുന്നതിന് പകരമായി ഹ്രസ്വമായ താല്‍ക്കാലിക വെടിനിര്‍ത്തല്‍, കൂടുതല്‍ മാനുഷിക സഹായം, ആശുപത്രികള്‍ക്ക് ഇന്ധനം, ഇസ്രയേല്‍ ജയിലുകളിലെ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവച്ചിട്ടുള്ളത്. പക്ഷേ തടവുകാരെ മോചിപ്പിക്കുന്നതില്‍ ഇസ്രയേല്‍ അധികൃതര്‍ വിസമ്മതം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഖത്തറിന്റെ മധ്യസ്ഥതയിലാണ് രണ്ട് ചര്‍ച്ചകളും നടക്കുന്നത്. കൂടാതെ അമേരിക്കയും ചര്‍ച്ചകളില്‍ പങ്കാളികളാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേല്‍ ഗാസയില്‍ താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യത്തെ യു.എസ് വിശാലമായ അര്‍ഥത്തില്‍ സ്വീകരിച്ചതായി അറിയുന്നു.

ഇത് കൂടുതല്‍ മാനുഷിക സഹായം ഗാസയിലേക്ക് എത്തിക്കാനും ബന്ദികളെ മോചിപ്പിക്കാനും വഴിയൊരുക്കുമെന്ന് യു.എസ് കരുതുന്നു. ബന്ദികളാക്കപ്പെട്ട അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കാന്‍ നിരന്തരം പരിശ്രമിക്കുമെന്ന് ഡല്‍ഹിയിലെത്തിയ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞിരുന്നു.

അതേസമയം ഗാസയില്‍ തടവില്‍ വച്ചിരിക്കുന്ന സൈനിക സേവന രംഗത്തുള്ള ഇസ്രയേലി പുരുഷന്മാരെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിടിക്കപ്പെട്ടതില്‍ 130 മുതല്‍ 140 വരെ വരുന്ന ഇസ്രയേല്‍ സൈനികര്‍ തങ്ങളുടെ പക്കലുണ്ടെന്നും അവരെ ഉടന്‍ മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.