ചിലവ് കൂട്ടുന്നതില്‍ പരസ്പരം മത്സരിച്ച് രാജ്ഭവനും സര്‍ക്കാരും; അതിഥി സല്‍ക്കാര ചിലവുകളിലടക്കം വന്‍വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍

ചിലവ് കൂട്ടുന്നതില്‍ പരസ്പരം മത്സരിച്ച് രാജ്ഭവനും സര്‍ക്കാരും;  അതിഥി സല്‍ക്കാര ചിലവുകളിലടക്കം വന്‍വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: ചിലവ് കൂട്ടുന്നതില്‍ പരസ്പരം മത്സരിച്ച് രാജ്ഭവനും സര്‍ക്കാരും. അതിഥി സല്‍ക്കാര ചിലവുകളിലടക്കം വന്‍ വര്‍ധന ആവശ്യപ്പെട്ടിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആറ് ഇനങ്ങളിലാണ് 36 ഇരട്ടി വരെ വര്‍ധന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് വിവരം.

അതിഥികള്‍ക്കായുള്ള ചിലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കുക, വിനോദ ചിലവുകള്‍ 36 ഇരട്ടിയാക്കുക, ടൂര്‍ ചിലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടി ഉയര്‍ത്തുക, ഓഫീസ് ചിലവുകള്‍ ആറേകാല്‍ ഇരട്ടി വര്‍ധിപ്പിക്കുക, ഓഫീസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചിലവ് രണ്ടര ഇരട്ടി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 അനുസരിച്ചാണ് ഗവര്‍ണറുടെ ഈ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങള്‍ അനുസരിച്ച് ഈ ആറിനങ്ങളില്‍ നല്‍കേണ്ട തുകയുടെ പരിധി 32 ലക്ഷം രുപയാണ്. എന്നാല്‍ വര്‍ഷം 2.60 കോടി രുപ നല്‍കണമെന്നാണ് രാജ്ഭവനില്‍ നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ആറിനങ്ങളിലെ ആകെ ചിലവ് മുന്ന് കോടി രുപയ്ക്കടുത്താണ്. ഇത് പരിഗണിച്ചാണ് ബജറ്റില്‍ വാര്‍ഷിക ചിലവായി 30 ലക്ഷം രുപ വകയിരുത്തുന്നത്. ഇതില്‍ കുടുതല്‍ വരുന്ന തുക അധിക വകയിരുത്തലായോ പുനക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് പതിവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇത്രയും വലിയ വര്‍ധന ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിന് താങ്ങാനാകുമോയെന്നാണ് നോക്കി കാണേണ്ടത്.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ ഗവര്‍ണറും സര്‍ക്കാരും പരസ്പരം പോരടിക്കുന്നത് ഭൂഷണമല്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടാവുന്ന കര്‍ഷക ആത്മഹത്യയ്ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. ഈ സമയത്താണ് ഗവര്‍ണറുടെയും മന്ത്രിമാരുടെയും സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് ചിന്തിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.