മഥുര പടക്ക മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, ഗാസിയാബാദിലും അഗ്നിബാധ

മഥുര പടക്ക മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, ഗാസിയാബാദിലും അഗ്നിബാധ

മഥുര: ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ പടക്ക മാര്‍ക്കറ്റില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മഥുര ജില്ലയിലെ ഗോപാല്‍ബാഗിലാണ് അപകടം.

ഒരു പടക്കക്കടയിലുണ്ടായ വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് വന്‍ തീപിടുത്തത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന. ദീപാവലിയോട് അനുബന്ധിച്ച് കൂടുതല്‍ പടക്കശേഖരം ഉണ്ടായിരുന്നത് തീപിടുത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. പൊള്ളലേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മുഴുവന്‍ കടകള്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റായാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) അജയ് കിഷോര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും വന്‍ അഗ്നിബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പടക്കം കത്തിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വന്‍ അഗ്നിബാധയില്‍ ആക്രികടയില്‍ കൂട്ടിയിട്ടിരുന്ന തടിക്കും മറ്റും തീപിടിച്ചു.

ഇവിടെ തീ അണയ്ക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങള്‍. ഇത്തരത്തില്‍ പടക്കം പൊട്ടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അഗ്നിസുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.