'ദരിദ്രരില്‍ നിന്നും മുഖം തിരിക്കരുത്'; പാവങ്ങള്‍ക്കായുള്ള ആഗോള ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് മാര്‍പാപ്പ

'ദരിദ്രരില്‍ നിന്നും മുഖം തിരിക്കരുത്'; പാവങ്ങള്‍ക്കായുള്ള ആഗോള ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ലോക ദിനാചരണത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. 'ദരിദ്രരില്‍ നിന്നും മുഖം തിരിക്കരുത്' എന്ന പ്രമേയം അടിസ്ഥാനമാക്കി ഏറ്റവും നിര്‍ധനരായവര്‍ക്ക് സൗജന്യമായി ആരോഗ്യ സംരക്ഷണം, വൈദ്യപരിശോധന, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവ നല്‍കുന്നതിന് എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 19-നാണ് ഈ വര്‍ഷം ദരിദ്രര്‍ക്കായുള്ള ഏഴാമത് ആഗോള ദിനം ആചരിക്കുന്നത്. അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലി അര്‍പ്പണത്തില്‍ മാര്‍പാപ്പ അധ്യക്ഷത വഹിക്കും. വിവിധ സമൂഹങ്ങളില്‍നിന്നുള്ള നിര്‍ധനര്‍ പാപ്പയുടെ വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കും. ഈ ദിനം ആചരിക്കുന്നതിനായി വത്തിക്കാന്‍ പല സംരംഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ദാരിദ്ര്യത്തെ മറികടക്കാന്‍ സ്വന്തം മതിലുകള്‍ക്കപ്പുറത്തേക്ക് മുന്നോട്ട് പോകാന്‍ സഭയ്ക്ക് കഴിയണമെന്ന് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

'ദാരിദ്ര്യത്തിന്റെ ഒരു വലിയ നദി നമ്മുടെ നഗരങ്ങളിലൂടെ കവിഞ്ഞൊഴുകുകയാണ്. ഇത് നമ്മെ കീഴടക്കുന്നതായി അനുഭവപ്പെടുന്നു, സഹായത്തിനും പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും വേണ്ടി അഭ്യര്‍ത്ഥിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങള്‍ വളരെ വലുതാണ്.

ദരിദ്രരുടെ ആവശ്യങ്ങളോട് പ്രത്യേകിച്ച് പ്രതികരിക്കാത്ത കാലത്താണ് നാം ജീവിക്കുന്നത്. സമ്പന്നമായ ജീവിതശൈലി സ്വീകരിക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ ശബ്ദം നാം കേള്‍ക്കാതെ പോകുന്നു' - പാപ്പ കൂട്ടിച്ചേര്‍ത്തു.

2023ലെ ദരിദ്രരുടെ ലോകദിനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഡികാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റിയാണ്. പാവപ്പെട്ടവര്‍ക്കായുള്ള ഉച്ചഭക്ഷണം ഇറ്റലിയിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍സാണ് നല്‍കുന്നത്. ദിവ്യബലിക്ക് ശേഷം പോള്‍ ആറാമന്‍ ഹാളില്‍ ഭക്ഷണം വിതരണം ചെയ്യും.

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിനു സമീപമുള്ള 'മദര്‍ ഓഫ് മേഴ്‌സി' ഔട്ട്പേഷ്യന്റ് ക്ലിനിക്ക് വഴി സൗജന്യ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ അന്‍പതോളം മെഡിക്കല്‍ ജീവനക്കാരുടെ സേവനം അന്നേദിവസം ഉണ്ടാകും.

2016ല്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന അവസരത്തില്‍ ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ദരിദ്രര്‍ക്കുവേണ്ടിയുള്ള ആഗോള ദിനം എന്ന പേരിലുള്ള ആചരണത്തിന് തുടക്കം കുറിച്ചത്. ക്രിസ്തുവിന്റെ സ്‌നേഹവും കാരുണ്യവും പ്രതിഫലിപ്പിക്കേണ്ട ദിവസം എന്ന നിലയിലാണ് ഈ ദിനം കൊണ്ടാടുന്നത്. ഓരോ വര്‍ഷം കഴിയും തോറും വന്‍ സ്വീകാര്യതയാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.