'വിദ്വേഷത്തിനുള്ള പ്രചോദനം'; ഹമാസിന്റെ പക്കല്‍നിന്ന് ഹിറ്റ്ലറുടെ ആത്മകഥയുടെ അറബി പതിപ്പ് കണ്ടെടുത്തതായി ഇസ്രയേല്‍ പ്രസിഡന്റ്

'വിദ്വേഷത്തിനുള്ള പ്രചോദനം'; ഹമാസിന്റെ പക്കല്‍നിന്ന് ഹിറ്റ്ലറുടെ ആത്മകഥയുടെ അറബി പതിപ്പ് കണ്ടെടുത്തതായി ഇസ്രയേല്‍ പ്രസിഡന്റ്

ടെല്‍ അവീവ്: മാനവ ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ മെയ്ന്‍ കാംഫിന്റെ അറബി ഭാഷാ പതിപ്പ് ഹമാസിന്റെ പക്കല്‍നിന്ന് കണ്ടെടുത്തതായി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിനിടെ ഹിറ്റ്ലറുടെ പുസ്തകം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

വടക്കന്‍ ഗാസ മുനമ്പില്‍ ഹമാസ് തങ്ങളുടെ താവളമായി ഉപയോഗിച്ച വീട്ടിലെ കുട്ടികളുടെ കിടപ്പുമുറിയില്‍ നിന്നാണ് അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയുടെ അറബി ഭാഷാ പതിപ്പ് ഇസ്രയേലി സൈനികര്‍ കണ്ടെത്തിയത്. ഒരു ഹമാസ് പോരാളിയുടെ മൃതദേഹത്തില്‍നിന്നാണ് സ്വകാര്യമായി സൂക്ഷിച്ച ഈ പുസ്തകം കണ്ടെത്തിയത്. അതിനൊപ്പം വീടിനുള്ളില്‍നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തിരുന്നു.

പുസ്തകത്തില്‍ ജൂതന്മാരെ വെറുക്കാനും ഇല്ലാതാക്കാനും ഹിറ്റ്‌ലര്‍ ആഹ്വാനം ചെയ്യുന്ന ഭാഗങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തുകയും സ്വന്തം കുറിപ്പുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഹമാസിന്റെ വിദ്വേഷത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണിതെന്ന് ഐസക് ഹെര്‍സോഗ് പറഞ്ഞു. 'ഇത് അഡോള്‍ഫ് ഹിറ്റ്ലറുടെ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത 'മെയിന്‍ കാംഫ്' എന്ന പുസ്തകമാണ്, ഹോളോകോസ്റ്റിലേക്കും രണ്ടാം ലോക മഹായുദ്ധത്തിലേക്കും നയിച്ച പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു.

'ഹമാസ് യഹൂദ ജനതയുടെ ഉന്മൂലനത്തിന് ഉത്തരവാദിയായ ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്നു. ഈ പുസ്തകത്തിന്റെ കണ്ടെത്തല്‍ ഹമാസിന്റെ പ്രചോദനത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നു. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു ലക്ഷ്യമേയുള്ളൂ - നാസികള്‍ ചെയ്തതുപോലെ ജൂതന്മാരുടെ നാശം'. ഒക്ടോബര്‍ ഏഴിന്, ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ നമ്മുടെ ലോകം ചിതറിപ്പോയി. പാലസ്തീന്‍ അയല്‍ക്കാരുമായി ചേര്‍ന്ന് ജീവിക്കാമെന്ന വിശ്വാസം തകര്‍ന്നു'.

ഗാസയില്‍ സിവിലിയന്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച ഹെര്‍സോഗ് എന്നാല്‍ അവിടെയുള്ള പല ദുരന്തങ്ങള്‍ക്കും കാരണം ഹമാസാണെന്നും കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.