കണ്ണൂര്‍: കരിക്കോട്ടക്കിരി മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. ഉരുപ്പംകുറ്റിക്ക് സമീപം പാറക്കപ്പാറ എന്ന സ്ഥലത്ത് വനത്തിനുള്ളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
തണ്ടര്‍ബോള്‍ട്ട് എംഎന്‍എഫ് സംഘത്തിന്റെ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സംഭവത്തോടെ തണ്ടര്‍ ബോള്‍ട്ടിന്റെ കൂടുതല്‍ അംഗങ്ങളെ ഇവിടേക്ക് വിന്യസിച്ച് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
നേരത്തെ വയനാട് പേര്യയിലും മാവോയിസ്റ്റുകളും തണ്ടര്‍ബോട്ടും തമ്മില്‍ വെടിവെപ്പുണ്ടായിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലെത്തി ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തിറങ്ങവെ ഇവരെ തണ്ടര്‍ബോള്‍ട്ട് സംഘം വളയുകയായിരുന്നു. തുടര്‍ന്ന് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്നാണ് വെടിവെപ്പ് നടന്നത്.
അതേസമയം വെടിവെയ്പ്പിനിടെ രക്ഷപ്പെട്ട മൂന്ന് മാവോയിസ്റ്റുകള്‍ കണ്ണൂരിലെ വനമേഖലയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആറളം, കേളകം, പേരിയ പരിധിയിലെ വനമേഖലയിലും കര്‍ണാടക അതിര്‍ത്തിയിലും വ്യോമനിരീക്ഷണം ശക്തമാക്കിയിരുന്നു.
അതിനിടെ ചന്ദ്രുവിനേയും ഉണ്ണിമായയേും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഇരുവരേയും ഹാജരാക്കുക. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.