വിസ്‌കോണ്‍സിന്‍: ക്രിസ്മസ് സീസണില്‍ നഗരത്തിലെ പൊതുകെട്ടിടങ്ങളിലെ മതപരമായ അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്ന വിചിത്രമായ നിര്‍ദേശവുമായി വിസ്‌കോണ്‍സിനിലെ ഡെപ്യൂട്ടി സിറ്റി അഡ്മിനിസ്ട്രേറ്റര്‍. വിസ്‌കോണ്‍സിന്‍ നഗരമായ വാവടോസ നഗരത്തിന്റെ ഡെപ്യൂട്ടി സിറ്റി അഡ്മിനിസ്ട്രേറ്ററായ മെലിസ വെയ്സാണ് ഇ-മെയിലിലൂടെ വിവാദ നിര്‍ദേശം നല്‍കിയത്.
കൂടുതല്‍ സ്വാഗതാര്‍ഹവും എല്ലാവരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ചുവപ്പും പച്ചയും പോലുള്ള ക്രിസ്മസ് അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകളെ വിലക്കിയതായി അവര്‍ അറിയിച്ചു. ഈ പ്രഖ്യാപനം ഒരു വിവാദത്തിന് തിരി തെളിച്ചിരിക്കുകയാണ്.
അവധിക്കാലത്തിലുടനീളം എല്ലാവരെയും സ്വാഗതം ചെയ്യുന്ന സ്ഥലമായി മാറ്റാന്‍ കൂടുതല്‍ നിഷ്പക്ഷമായ അലങ്കാരങ്ങള്‍ തിരഞ്ഞെടുക്കാനും നിര്‍ദേശമുണ്ട്. ചുവപ്പിനും പച്ചയ്ക്കും പകരം പര്‍പ്പിളും നീലയും കൊണ്ടുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കാനാണ് ഡെപ്യൂട്ടി സിറ്റി അഡ്മിനിസ്ട്രേറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്നില്ലെന്നും അതിനാല്‍ മതപരമായ അലങ്കാരങ്ങള്‍ ക്രിസ്മസ് കാലത്ത് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ഇത്തരം മാര്‍ഗനിര്‍ദേശങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിലര്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ക്രിസ്മസിന്റെ പ്രാധാന്യത്തെ കുറച്ചുകാണിക്കുന്നതും സാംസ്‌കാരിക പാരമ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് നഗരവാസികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
ഇതുകൂടാതെ, പൊതു ഇടങ്ങളില്‍ മതപരമായ അലങ്കാരങ്ങള്‍ പരിമിതപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യമാര്‍ന്ന മതവിശ്വാസങ്ങളെ അംഗീകരിക്കുന്ന സമൂഹത്തിന്റെ തത്വങ്ങളുമായി പൊരുത്തപ്പെടുമോ എന്നും നഗരവാസികള്‍ ചോദ്യം ചെയ്യുന്നു. വിഷയത്തില്‍ നിരവധി പേരാണ് ഡെപ്യൂട്ടി സിറ്റി അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ രൂക്ഷ വിര്‍മശനവുമായി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരിക്കുന്നത്.
ഏകദേശം 48,000 ജനസംഖ്യയുള്ള ഒരു നഗരമാണ് വാവടോസ. നഗരത്തിലെ ടൂറിസം, കമ്യൂണിക്കേഷന്‍, സിറ്റി മാനേജ്മെന്റ് എന്നിവയാണ് ഡെപ്യൂട്ടി സിറ്റി അഡ്മിനിസ്ട്രേറ്ററായ മെലിസയുടെ ചുമതലയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.