അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ ഭിന്നത; ഇസ്രയേലിനെതിരേ കടുത്ത നടപടികള്‍ക്ക് വിസമ്മതിച്ച് ഒന്‍പത്‌ രാജ്യങ്ങള്‍

അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ ഭിന്നത; ഇസ്രയേലിനെതിരേ കടുത്ത നടപടികള്‍ക്ക് വിസമ്മതിച്ച് ഒന്‍പത്‌ രാജ്യങ്ങള്‍

ഗാസയില്‍ ഇസ്രയേല്‍-ഹമാസ് പോരാട്ടം രൂക്ഷമായതിനെതുടര്‍ന്ന് സൗദിയില്‍ ചേര്‍ന്ന അറബ് രാഷ്ട്രീയ നേതാക്കളുടെ ഉച്ചകോടിയില്‍ അഭിപ്രായ ഭിന്നതയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഗാസയെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്ത അടിയന്തര ഉച്ചകോടിയില്‍ ഒന്‍പതു രാജ്യങ്ങള്‍ ഇസ്രയേലിനെതിരേ നയതന്ത്ര, സാമ്പത്തിക നടപടികള്‍ക്ക് വിസമ്മതിച്ചതാണ് പ്രതിസന്ധിക്കു കാരണം. ഫലത്തില്‍ ഇസ്രയേലിനെ ഒറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള യോഗത്തില്‍ യുഎഇ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങള്‍ നിലപാടു മാറ്റിയത് തിരിച്ചടിയായെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയില്‍ അറബ് ലീഗിലെ 22 രാജ്യങ്ങള്‍ക്ക് പുറമേ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനിലെ രാജ്യങ്ങള്‍ കൂടി പങ്കെടുത്തിരുന്നു. യോഗത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയും പങ്കെടുത്തതിനാല്‍ ഉച്ചകോടിക്ക് ഏറെ മാധ്യമശ്രദ്ധ ലഭിച്ചു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രതിരോധത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലപാടെടുത്തു.

പാലസ്തീന്‍, സിറിയ, അള്‍ജീരിയ, ടുണീഷ്യ, ഇറാഖ്, ലെബനന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ലിബിയ, യെമന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളാണ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്.

ഇസ്രയേലിനെ ഒറ്റപ്പെടുത്തണമെന്നും അവരുമായി എല്ലാ ബന്ധങ്ങളും ഒഴിയണമെന്നും ഇസ്രയേലിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളുമായി പോകുന്ന വിമാനങ്ങള്‍ക്ക് അറബ് രാജ്യങ്ങളുടെ വ്യോമപാത അനുവദിക്കരുതെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
നയതന്ത്ര, സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങള്‍ മരവിപ്പിക്കാനും ആഹ്വാനമുണ്ടായി.

ഇസ്രയേല്‍ അംബാസഡര്‍മാരെ പുറത്താക്കാനും 'യുദ്ധക്കുറ്റവാളികളെ' വിചാരണ ചെയ്യാന്‍ ഒരു നിയമ കമ്മീഷന്‍ രൂപീകരിക്കാനും പ്രദേശത്തിന് ഒരു പുനര്‍നിര്‍മ്മാണ ഫണ്ട് രൂപീകരിക്കാനും ഹമാസ് ഉച്ചകോടിയില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ചില രാജ്യങ്ങള്‍ ഇസ്രയേലിനെതിരേയുള്ള നിര്‍ദേശങ്ങളെ എതിര്‍ത്തതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്ന നിര്‍ദേശം സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്തയില്‍ പറയുന്നു.

സൗദി അറേബ്യയ്ക്കും യുഎഇക്കും പുറമെ, ജോര്‍ദാന്‍, ഈജിപ്ത്, ബഹ്റൈന്‍, സുഡാന്‍, മൊറോക്കോ, മൗറിത്താനിയ, ജിബൂത്തി എന്നീ രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെ എതിര്‍ത്തുവെന്നും വാര്‍ത്തയിലുണ്ട്. എന്നാല്‍ യോഗ ശേഷം ഇറക്കിയ പ്രസ്താവനയില്‍, എതിര്‍ത്ത് വോട്ട് ചെയ്തവരുടെയോ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചവരുടെയോ പേരുകള്‍ സംബന്ധിച്ച് യാതൊരു സൂചനയുമില്ല.

ഇസ്രയേലുമായുള്ള എല്ലാ ബന്ധവും മരവിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് അള്‍ജീരിയ ആണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിച്ച് അവരെ ഒറ്റപ്പെടുത്തണമെന്ന നിര്‍ദേശം ഇറാന്‍ പരസ്യമായി മുന്നോട്ടുവച്ചിരുന്നു. മാത്രമല്ല, ഇസ്രായേലിന് ആയുധം നല്‍കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ക്ക് എണ്ണ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.

ഉച്ചകോടിയിലെ ചില അംഗരാജ്യങ്ങളുടെ നിരാകരണം നിര്‍ണായക വിഷയങ്ങളില്‍ ഏകീകൃത നിലപാട് കൈവരിക്കുന്നതില്‍ വെല്ലുവിളി ഉയര്‍ത്തി. ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ തമ്മില്‍ സമവായമുണ്ടാകാത്തതിനെ തുടര്‍ന്ന് ശക്തമായ തീരുമാനങ്ങളോ നടപടികളോ ഉണ്ടായില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.