500-ലധികം കുട്ടികള്‍ക്ക് ക്ഷയരോഗിയുമായി സമ്പര്‍ക്കം; അമേരിക്കയിലെ നെബ്രാസ്‌കയില്‍ ആരോഗ്യ അടിയന്തരാവസ്ഥ

500-ലധികം കുട്ടികള്‍ക്ക് ക്ഷയരോഗിയുമായി സമ്പര്‍ക്കം; അമേരിക്കയിലെ നെബ്രാസ്‌കയില്‍ ആരോഗ്യ അടിയന്തരാവസ്ഥ

ലിങ്കണ്‍: അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്‌കയിലെ ഡഗ്ലസ് കൗണ്ടിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ. ക്ഷയരോഗ ബാധിതനായ വ്യക്തി ഒരു ഡേ കെയറിലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ഡഗ്ലസ് കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

500ലധികം ആളുകളോടാണ് ക്ഷയരോഗ പരിശോധനയ്ക്കായി ആവശ്യപ്പെട്ടിരിക്കുന്നത്. രോഗബാധിതനായ വ്യക്തി വൈ.എം.സി.എയുടെ ഡ്രോപ്പ്-ഇന്‍ ചൈല്‍ഡ് കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. കുട്ടികളെ നോക്കുന്ന ചുമതലയുണ്ടായിരുന്നതിനാല്‍ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത് പ്രാഥമികമായും കുട്ടികളാണ്.

മെയ് 30 മുതല്‍ ഒക്ടോബര്‍ 30 വരെ രോഗബാധിതനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ ക്ഷയരോഗ നിര്‍ണയ പരിശോധന നടത്തണമെന്ന് ഡഗ്ലസ് കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

നാല് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികളെ പരിശോധിക്കാന്‍ ചില്‍ഡ്രന്‍സ് നെബ്രാസ്‌ക പീഡിയാട്രിക് ഹോസ്പിറ്റല്‍ ഒരു ക്ലിനിക്ക് സ്ഥാപിച്ചുകഴിഞ്ഞു. ഈ പ്രായത്തിലുള്ള കുട്ടികളുടെ ശരീരത്തെ രോഗം ബാധിക്കുന്നത് തടയാന്‍ പ്രത്യേക പ്രതിരോധ ചികിത്സ ആവശ്യമാണ്.

ഇത് ഒരു അടിയന്തിര സാഹചര്യം എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഡഗ്ലസ് കൗണ്ടിയിലെ ഡെപ്യൂട്ടി ഹെല്‍ത്ത് ഡയറക്ടര്‍ ജസ്റ്റിന്‍ ഫ്രെഡറിക് വിശേഷിപ്പിച്ചത്.

അതേസമയം, ഡേകെയറിലെ ക്ഷയരോഗബാധിതനായ വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു, കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയാണ് ഈ വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ച വരെ ആ വ്യക്തിക്ക് ക്ഷയരോഗ പരിശോധന നടത്തിയിരുന്നില്ല. ഇതാണ് സാഹചര്യം സങ്കീര്‍ണമാക്കിയത്.

ചെറിയ കുട്ടികളുടെ പരിശോധനാ ഫലങ്ങള്‍ ഉടനെ ലഭിച്ചു തുടങ്ങണമെന്നും അടുത്ത ആഴ്ചയോടെ രോഗ വ്യാപനത്തിന്റെ പൂര്‍ണ ചിത്രം ലഭിക്കുമെന്നും വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍, ഡഗ്ലസ് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ ലിന്‍ഡ്സെ ഹ്യൂസ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ നാലു വയസിന് താഴെയുള്ള ഗ്രൂപ്പില്‍ 250 കുട്ടികളും അഞ്ചു വയസില്‍ താഴെയുള്ള ഗ്രൂപ്പില്‍ 300 കുട്ടികളും ഉണ്ടെന്നാണ് ആരോഗ്യ അധികൃതരുടെ കണക്കുകൂട്ടല്‍. ഇതുകൂടാതെ രോഗബാധിതരായ കുട്ടികള്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനും ഇടയുണ്ട്.

മൈക്കോ ബാക്ടീരിയം ട്യൂബെര്‍ക്കുലോസിസ് എന്ന ബാക്ടീരിയ മൂലം ഉണ്ടാവുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടി.ബി എന്ന പേരില്‍ അറിയപ്പെടുന്ന ക്ഷയരോഗം അഥവാ ട്യൂബെര്‍ക്കുലോസിസ്. ക്ഷയരോഗം ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്.

വായുവിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ഉള്ളയാള്‍ ചുമയ്ക്കുകയോ, തുമ്മുകയോ, സംസാരിക്കുകയോ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ വായുവിലൂടെ അടുത്തുനില്‍ക്കുന്നയാളുടെ ശ്വാസകോശത്തില്‍ എത്തുന്നു. വിട്ടുമാറാത്ത ചുമ, വിറയല്‍, രാത്രി വിയര്‍ക്കല്‍, അകാരണമായി ശരീരഭാരം കുറയല്‍ എന്നിവയാണ് ടി.ബിയുടെ പ്രധാന ലക്ഷണങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.