മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ യഹൂദ വിരുദ്ധ വികാരത്തിന് അവസരം നല്‍കാതെ ജൂത സമൂഹത്തോടൊപ്പം നിലകൊള്ളാന്‍ സഭാ നേതൃത്വങ്ങളോട് ആഹ്വാനം ചെയ്ത് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലി. മെല്‍ബണ്‍ രൂപതയുടെ കീഴിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലേക്കും അയച്ച കത്തിലാണ് ആര്‍ച്ച് ബിഷപ്പ് കൊമെന്‍സോലി യഹൂദ വിരുദ്ധ വികാരത്തിനെതിരേ ശക്തമായ നിലപാട് അറിയിച്ചത്.
മെല്‍ബണില്‍ യഹൂദ വിശ്വാസത്തില്‍പ്പെട്ട നിരവധി ആളുകള്‍ താമസിക്കുന്ന കോള്‍ഫീല്‍ഡില്‍ കഴിഞ്ഞ ദിവസം പലസ്തീന്‍-ഇസ്രയേല്‍ അനുകൂലികള്‍ ഏറ്റുമുട്ടിയതിനെ ആര്‍ച്ച് ബിഷപ്പ് അപലപിച്ചു. വിക്ടോറിയയിലെ ജൂത സമൂഹത്തിന് പരസ്യമായ പിന്തുണ നല്‍കുന്ന ഓസ്‌ട്രേലിയയിലെ വിശ്വാസ-സാംസ്‌കാരിക നായകരില്‍ ഒരാളാണ് ആര്‍ച്ച് ബിഷപ്പ് കൊമെന്‍സോലി.
'ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് യൂണിവേഴ്സിറ്റി കാമ്പസുകളിലും തെരുവുകളിലും, സമൂഹ മാധ്യമങ്ങളില്‍, കൂടാതെ ക്രിസ്ത്യന്‍ വിശ്വാസിയാണെന്ന് അവകാശപ്പെടുന്ന ചിലര്‍ക്കിടയില്‍ പോലും പ്രകടമാകുന്ന യഹൂദ വിരുദ്ധത ഞെട്ടിപ്പിക്കുന്നതും ആഴത്തില്‍ വേദനിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
'യഹൂദ പാരമ്പര്യത്തെക്കുറിച്ച് ആളുകളില്‍ മറഞ്ഞിരിക്കുന്ന അജ്ഞതയുടെയും അവിശ്വാസത്തിന്റെയും ഫലമാണ് ഈ സംഭവങ്ങള്‍. മനഃപൂര്‍വ്വം വെറുപ്പ് വളര്‍ത്തിയെടുത്ത് സത്യസന്ധമല്ലാത്ത അജണ്ടകള്‍ പ്രചരിപ്പിക്കുന്നു'.
ഇസ്രയേലിലും ഗാസയിലും നടക്കുന്ന ദാരുണമായ സംഭവങ്ങള്‍ ജൂതവിരുദ്ധതയെ ന്യായീകരിക്കുന്നതല്ലെന്നും ആര്‍ച്ച് ബിഷപ്പ് കൊമെന്‍സോലി പറഞ്ഞു. 'വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭാഷ വിഷലിപ്തമായ ആത്മാവില്‍ നിന്ന് ഉത്ഭവിക്കുന്ന ഭാഷയാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയയുടെ ഭാരവാഹി മകരന്ദ് ഭഗവതും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാവ് ജയ് ഷായും യഹൂദ വിരുദ്ധതയെ അപലപിക്കുകയും ജൂത സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
അസാധാരണമായ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് വിക്‌ടോറിയ പ്രീമിയര്‍ ജസീന്ത അലന്‍ നല്‍കുന്ന പിന്തുണയ്ക്ക് റബ്ബിനിക്കല്‍ അസോസിയേഷന്‍ ഓഫ് ഓസ്ട്രേലിയന്‍ പ്രസിഡന്റ് റബ്ബി യാക്കോവ് ഗ്ലാസ്മാന്‍ നന്ദി പറഞ്ഞു. പ്രീമിയറുടെ ശക്തവും പക്വതയോടെയുള്ള നിലപാടിനും സമാധാനപരമായ പ്രകടനങ്ങള്‍ക്കുള്ള ആഹ്വാനത്തിനും നന്ദി പ്രകടിപ്പിച്ച യാക്കോവ് ഗ്ലാസ്മാന്‍ വിക്‌ടോറിയ സംസ്ഥാനത്ത് അക്രമത്തിനോ വിദ്വേഷ പ്രസംഗത്തിനോ സ്ഥാനമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.