മുംബൈ: വാങ്കഡെയില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്റെ പോരാട്ടം 327 റണ്‍സില്‍ അവസാനിച്ചു.
ഏഴു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ന്യൂസിലന്‍ഡിനെ പിടിച്ചു കെട്ടിയത്. ആദ്യ നാലു വിക്കറ്റ് നേടി ന്യൂസിലന്‍ഡ് മുന്‍നിരയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ തകര്‍ക്കുകയായിരുന്നു ഷമി. ബൗളര്‍മാരെ ഒട്ടും തുണയ്ക്കാത്ത പിച്ചിലാണ് ഈ പ്രകടനം എന്നത് ഷമിയുടെ പ്രകടനത്തെ ഏറെ ശ്രദ്ധേയമാക്കുന്നു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍മാരെ വേഗത്തില്‍ മടക്കി ന്യൂസിലന്‍ഡിനു മുകളില്‍ സമ്മര്‍ദം ഷമി ചെലുത്തിയെങ്കിലും മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന നായകന്‍ വില്യംസും ഡാരില്‍ മിച്ചലും ചേര്‍ന്ന് ന്യൂസിലന്‍ഡിനു വേണ്ടി പൊരുതി.
മിച്ചല്‍ 134 റണ്‍സ് നേടി ടോപ് സ്‌കോററായി. വില്യംസണ്‍ 69 റണ്‍സും ഗ്ലെന്‍ ഫിലിപ്‌സ് 41 റണ്‍സും നേടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറികളുടെ കരുത്തിലാണ് 397 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഗില്‍ 80 റണ്‍സ് നേടി. കളിക്കിടെയില്‍ പരിക്കു മൂലം ഏറെ സമയം ഗ്രൗണ്ടില്‍ നിന്നു വിട്ടുനിന്ന ഗില്‍ അവസാന ഓവറുകളിലാണ് തിരിച്ചെത്തിയത്.
67 പന്തില്‍ നിന്നു സെഞ്ചുറി തികച്ച ശ്രേയസ് അയ്യര്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ലോകകപ്പ് ഏകദിന സെഞ്ചുറിയെന്ന നേട്ടം കൈവരിച്ചു. മറുവശത്ത് അമ്പതാം ഏകദിന സെഞ്ചുറി തികച്ച കോലി ഏകദിനെ സെഞ്ചുറികളുടെ നേട്ടത്തില്‍ സച്ചിനെ പിന്തള്ളി.
ലോകകപ്പിലെ നാലാം അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ച ഷമി ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവുമധികം അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളര്‍ എന്ന നേട്ടവും സ്വന്തമാക്കി. ഈ ലോകകപ്പില്‍ ഏഴു മല്‍സരങ്ങള്‍ മാത്രം കളിച്ച ഷമിയുടെ മൂന്നാം അഞ്ചു വിക്കറ്റ് നേട്ടമാണ് ഇന്നത്തേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.