വാഷിങ്ടണ്‍: ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് വാഷിങ്ടണില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍. ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതിനൊപ്പം യഹൂദ വിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രകടനം. കാപ്പിറ്റോളിനു സമീപമുള്ള നാഷണല്‍ മാളില്‍ നടന്ന പരിപാടിയില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ പ്രസംഗിച്ചു.
നേരത്തെ അമേരിക്കയില്‍ ആഴ്ചകളോളം പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിനു മറുപടിയായാണ് ഇസ്രയേല്‍ അനുകൂലികളുടെ പ്രകടനം. ഇസ്രയേലിന്റെയും അമേരിക്കയുടെയും പതാകകള്‍ കൈയിലേന്തിയാണ് പ്രകടനം നടത്തിയത്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്ലക്കാര്‍ഡുകളുമേന്തി ജനക്കൂട്ടം പെട്ടെന്നാണ് തിങ്ങിനിറഞ്ഞത്.
'മാര്‍ച്ച് ഫോര്‍ ഇസ്രയേല്‍' എന്ന പേരിലായിരുന്നു റാലി സംഘടിപ്പിച്ചത്. നാഷണല്‍ മാളില്‍ വന്‍ തോതില്‍ ആളുകള്‍ ഒത്തുകൂടിയതോടെ ഡൗണ്‍ ടൗണിന്റെ
ഭൂരിഭാഗവും സുരക്ഷ മുന്‍നിര്‍ത്തി അടച്ചിട്ടു. കനത്ത പോലീസ് സുരക്ഷയിലായിരുന്നു പ്രകടനം.
യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ഉള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഓണ്‍ലൈന്‍ വഴി പ്രസംഗിച്ചു.
ജൂതന്മാര്‍ ജൂതന്‍മാരായതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നുവെന്നും ഇത് എല്ലാ പരിഷ്‌കൃത രാജ്യങ്ങള്‍ക്കും നാണക്കേടാണെന്നും ഇസ്രയേല്‍ പ്രസിഡന്റ് പറഞ്ഞു. ഇസ്രയേലിലും യുഎസിലും ലോകത്ത് എല്ലായിടത്തും അഭിമാനത്തോടെയും സുരക്ഷിതമായും ജീവിക്കാനുള്ള ഓരോ ജൂതന്റെയും അവകാശത്തിനാണ് ഈ മാര്‍ച്ച്. ആരും നമ്മളെ തകര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാസയില്‍ വര്‍ദ്ധിച്ചുവരുന്ന മരണസംഖ്യ ഞെട്ടിപ്പിക്കുന്നതാണെന്ന് റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞപ്പോഴും അതിന് ഉത്തരവാദികള്‍ ഹമാസാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഹമാസ് ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് സമ്പൂര്‍ണ അവകാശമുണ്ട്. ഹമാസിനെ പരാജയപ്പെടുത്താനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളില്‍ നാം ഒപ്പം നില്‍ക്കുകയും ഈ ക്രൂരമായ ഭീകരസംഘടന ഇനിയൊരിക്കലും ഉയര്‍ന്നുവരില്ലെന്ന് ഉറപ്പാക്കുകയും വേണം' -
ഡെമോക്രാറ്റിക് ഹൗസ് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസ് പറഞ്ഞു.
ഞങ്ങള്‍ വീണ്ടും ഉന്മൂലനം ചെയ്യപ്പെടില്ലെന്ന് കാണിക്കാനാണ് അണിനിരന്നത് - ഇസ്രയേല്‍ വംശജനായ ന്യൂജേഴ്സിയില്‍ നിന്നുള്ള 57 കാരന്‍ മാര്‍ക്കോ അബൗ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.