ന്യൂഡല്‍ഹി: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഒരിക്കല്‍ പിടിപെട്ടവരില്‍ വീണ്ടും വരാന്‍ 48 മടങ്ങ് സാധ്യതയെന്ന് പഠനം. കാനഡയിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ വിദഗ്ധരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.
നാല് തവണ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്ത പ്രായം ചെന്നവരിലായിരുന്നു പഠനം നടത്തിയത്. 2022 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു പഠന കാലയളവ്. ആ സമയം കാനഡയില്‍ ഒമിക്രോണിന്റെ രണ്ടാം തരംഗം ശക്തമായിരുന്നു. രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ചവരില്‍ ബഹുഭൂരിപക്ഷവും മുമ്പ് കോവിഡ് ബാധിച്ചവര്‍ തന്നെയായിരുന്നു.
വാക്സിനേഷനു പുറമെ മുമ്പ്് കോവിഡ് വന്നു പോയ ശേഷം രൂപപ്പെട്ട ആര്‍ജിത പ്രതിരോധ ശേഷിയുള്ളവരിലും ഒമിക്രോണ്‍ വീണ്ടും ബാധിച്ചിരുന്നു. രക്തത്തില്‍ രോഗ പ്രതിരോധശേഷിക്കുള്ള ആന്റിബോഡികളുടെ അളവ് കുറവുള്ളവരിലായിരുന്നു കൂടുതല്‍ രോഗബാധയുണ്ടായതെന്നാണ് പഠന റിപ്പോര്‍ട്ട്. അതേസമയം പ്രായക്കൂടുതല്‍ ഉള്ളവരില്‍ വേഗത്തില്‍ രോഗപ്പകര്‍ച്ചയുണ്ടാക്കുമോയെന്ന് പഠനം പറയുന്നില്ല.
കൂടാതെ വാക്സിനേഷനിലൂടെയും കോവിഡ് രോഗം ബാധിച്ചുണ്ടായതിലൂടെയും ലഭിക്കുന്ന ഹൈബ്രിഡ് പ്രതിരോധ ശേഷി കോവിഡിനെ അതിശക്തമായി ചെറുക്കുമെന്ന പരക്കേയുള്ള ധാരണ അടിസ്ഥാന രഹിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പ്രാവശ്യം കോവിഡ് ബാധിച്ചാല്‍ കൂടുതല്‍ അളവില്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഒരിക്കലോ ഒന്നിലേറെ തവണയോ കോവിഡ് വന്നു പോയവര്‍ ഇനി രോഗം വരില്ലെന്നു കരുതി അശ്രദ്ധ കാണിക്കരുതെന്ന് പഠനം ഓര്‍മപ്പെടുത്തുന്നു. കോവിഡിനെതിരെ നിതാന്ത ജാഗ്രത തുടരണമെന്നും പല രാജ്യങ്ങളിലും കോവിഡ് തരംഗം ഇപ്പോഴും ശക്തമാണെന്നും കോവിഡ് രോഗ ഗവേഷകനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പൊതുജനാരോഗ്യ ഉപദേശക സമിതിയംഗവുമായ ഡോ. രാജീവ് ജയദേവന്‍ ചൂണ്ടിക്കാട്ടി.
മരണനിരക്ക് കുറഞ്ഞെങ്കിലും രക്തക്കുഴലുകളെ ബാധിക്കുന്ന തരം വൈറസ് ആയതിനാല്‍ വിട്ടുമാറാത്ത പലവിധ ആരോഗ്യ പ്രശ്നങ്ങളും കോവിഡ് വരുത്തിവയ്ക്കുന്നുണ്ടെന്ന് ഡോ. രാജീവ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26