ബെര്‍ലിന്‍: മാള്‍ഡോവയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലെന് ഔപചാരിക സ്വീകരണത്തിനിടയില്‍ നായയുടെ കടിയേറ്റു. മാള്‍ഡോവന്‍ പ്രസിഡന്റ് മയ സാന്‍ഡുവിന്റെ വളര്‍ത്തുനായ കോഡ്രറ്റാണ് വിശിഷ്ടാതിഥിയുടെ വലതു കൈവിരല്‍ കടിച്ചുമുറിച്ചത്. മാള്‍ഡോവന്‍ തലസ്ഥാനമായ ചിസിനൗവില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള മാള്‍ഡോവയുടെ അഭ്യര്‍ഥനയെക്കുറിച്ച് ചര്‍ച്ചയ്ക്കെത്തിയതായിരുന്നു വാന്‍ ഡെര്‍ ബെല്ലെനും സ്ലൊവേനിയന്‍ പ്രസിഡന്റ് നടാഷ പിര്‍ക് മുസറും. പ്രസിഡന്‍ഷ്യല്‍ വസതിയുടെ മുറ്റത്ത് സംഘം നടന്നുനീങ്ങുമ്പോള്‍ അംഗരക്ഷകരുടെ സമീപത്തുണ്ടായിരുന്ന നായയെ മയ സാന്‍ഡു ഓമനിച്ചു. ഇതുകണ്ട് അടുത്തെത്തിയപ്പോഴാണ് ഓസ്ട്രിയന്‍ പ്രസിഡന്റിന്റെ വലതു കൈവിരലില്‍ നായ കടിച്ചത്.
തന്റെ വളര്‍ത്തുനായയുടെ പ്രവൃത്തിയില്‍ ക്ഷമാപണം നടത്തിയ സാന്‍ഡു, സമീപം ഒരു വലിയ ജനക്കൂട്ടത്തെ കണ്ടപ്പോഴാണ് നായ പരിഭ്രാന്തനായതെന്ന് പറഞ്ഞു. താനൊരു നായസ്നേഹിയാണെന്നും അതിനാല്‍ അതിന്റെ വികാരം മനസിലാകുമെന്നും വാന്‍ഡെര്‍ ബെല്ലെന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
നായയുടെ ആക്രമണത്തില്‍ ചെറിയ മുറിവുണ്ടെന്നും ചികിത്സിച്ച് ബാന്‍ഡേജ് ചുറ്റിയെന്നും ഓസ്ട്രിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ഒരു കാര്‍ അപകടത്തില്‍ ഒരു കാല് നഷ്ടമായ നായയാണ് കോഡ്രറ്റ്. മാള്‍ഡോവയുടെ പ്രഥമ വനിതാ പ്രസിഡന്റായ മയ സാന്‍ഡു ഇതിനെ തെരുവില്‍ നിന്ന് ഏറ്റെടുക്കുകയായിരുന്നു. നിരവധിയാളുകളെ കണ്ട് നായ പരിഭ്രമിച്ചതിനാലാണ് കടിച്ചതെന്ന് മയ സാന്‍ഡു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26