വത്തിക്കാന്‍ സിറ്റി: അര്‍ജന്റീനയിലെ നിയുക്ത പ്രസിഡന്റ് ജാവിയര്‍ മിലേയെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു മുന്‍പ് മാര്‍പാപ്പയെ പരുഷമായ ഭാഷയില്‍ പൊതുവേദികളില്‍ വിമര്‍ശിച്ച് ജാവിയര്‍ മിലേ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ ഫോണ്‍ വിളിയില്‍ 'പരിശുദ്ധ പിതാവേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മിലേ സഗഭാഷണം ആരംഭിച്ചതെന്ന് അര്‍ജന്റീനിയന്‍ പത്രമായ ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍പാപ്പയുടെ ജന്മദേശം കൂടിയാണ് അര്‍ജന്റീന.
വത്തിക്കാന്‍ പ്രസ് ഓഫീസാണ് ഇരുവരും തമ്മില്‍ സംസാരിച്ചതായി സ്ഥിരീകരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പാപ്പായും മിലേയും തമ്മില്‍ നടന്ന സംഭാഷണം ഏറെ ഊഷ്മളമായിരുന്നു.
'നിയുക്ത പ്രസിഡന്റിനെ അഭിനന്ദിക്കാനും നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹവുമായി സംസാരിച്ചുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്' - മൈലിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭാഷണത്തിനിടെ അടുത്ത വര്‍ഷം അര്‍ജന്റീന സന്ദര്‍ശിക്കാനുള്ള ക്ഷണവും മിലേ മുന്നോട്ടുവച്ചതായാണ് വിവരം. തന്റെ ജന്മനാട് സന്ദര്‍ശിക്കാനുള്ള ക്ഷണത്തോട് പരിശുദ്ധ പിതാവ് അനുകൂലമായാണ് പ്രതികരിച്ചത് എന്നാണ് മിലേയുടെ പാര്‍ട്ടി സ്രോതസുകളെ ഉദ്ധരിച്ച് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രത്തലവന്‍ എന്ന നിലയിലും കത്തോലിക്കാ സഭയുടെ നേതാവെന്ന പാപ്പ ബഹുമാനിക്കപ്പെടുമെന്ന ഉറപ്പും മിലേ നല്‍കി.
ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യം എന്നിവ പ്രസിഡന്റ് അഭിമുഖീകരിക്കേണ്ട വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
പാപ്പായുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി, താന്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ജനങ്ങള്‍ക്ക് നല്ലതായിരിക്കും എന്ന് തനിക്ക് ബോധ്യമുണ്ടെന്ന് മിലേ പറഞ്ഞുവെന്നും സംഭാഷണത്തിന് സാക്ഷ്യംവഹിച്ചവര്‍ വെളിപ്പെടുത്തി. അതേസമയം ആരാണ് സംഭാഷണത്തിന് മുന്‍കൈ എടുത്തതെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തിയിട്ടില്ല.
നിയുക്ത പ്രസിഡന്റിന് തന്റെ സമ്മാനമായി ഒരു ജപമാല അയയ്ക്കുമെന്നു മാര്‍പാപ്പ അറിയിച്ചതായും വൈകാതെ അര്‍ജന്റീനയില്‍ സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മിലേയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
10 വര്‍ഷം മുമ്പ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇറ്റലിക്ക് പുറത്ത് 40 ലധികം യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ജന്മനാടായ അര്‍ജന്റീനയില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. രാജ്യത്തെ മെത്രാന്‍ സമിതിയും മാര്‍പ്പാപ്പയ്ക്ക് കത്ത് നല്‍കി ഔപചാരികമായി ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 2020ലെ നിയമത്തെ ശക്തമായി എതിര്‍ക്കുന്ന ആളാണ് പുതിയ പ്രസിഡന്റ് മിലി. എല്‍ജിബിടി ചിന്താഗതിയെയും, വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തെറ്റായ ചിന്താഗതി പഠിപ്പിക്കുന്നതിനെയും അദ്ദേഹം എതിര്‍ക്കുന്നു. മിലിയുടെ നിലപാടുകള്‍ പ്രോലൈഫ് സംഘടനകള്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.