തൃശൂർ: ഇരിങ്ങാലക്കുട രൂപതയിലെ കരുവന്നൂർ സെന്റ് മേരീസ് ദേവാലയത്തിൽ ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന AFCM അഭിഷേകാഗ്നി കൺവൻഷൻ ഡിസംബർ 6 മുതൽ 9 വരെ തീയതികളിൽ നടത്തുന്നു. എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ 9.30 വരെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പന്തലിലാണ് കൺവൻഷൻ.
ഡിസംബർ 6 ന് വൈകീട്ട് 5ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് അഭിഷേകാഗ്നി കൺവൻഷൻ ബൈബിൾ പ്രതിഷ്ഠ നടത്തി കൺവൻഷൻ അദ്ദേഹം ഉദ്ഘാടനം നിർവ്വഹിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമാപന സന്ദേശം നൽകും.
പരിശുദ്ധ കന്യകാമറിയത്തിന്റെ നാമഥേയത്തിലുള്ള ദേവാലയത്തിൽ, കൺവൻഷന് ഒരുക്കമായി നവംബർ 25 മുതൽ ഡിസംബർ 5 വരെ കുടുംബ യൂണിറ്റുകളിൽ ആരാധനയും വീടുകളിലും പള്ളിയിലും ശനിയാഴ്ച്ചകളിൽ പ്രാർത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മധ്യസ്ഥ പ്രാർത്ഥനകളും നടന്നു കൊണ്ടിരിക്കുന്നു.
'ഒരു ദിനം ഒരു വചനം' വായിച്ച് ഹൃദയത്തിൽ സ്വീകരിച്ച് വിശ്വാസികൾ പ്രാർത്ഥിക്കുന്നു.
120 ഓളം കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ മേഖലയിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
15000 ന് മുകളിൽ ആളുകൾക്കു സൗകര്യമായി കൺവൻഷൻ അനുഭവിക്കാവുന്ന രീതിയിലാണ് അഭിഷേകാഗ്നി കൺവൻഷൻ ഒരുക്കുന്നത്.
കിടപ്പുരോഗികൾക്കും കുട്ടികൾക്കും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്. പ്രാർത്ഥന നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കും.
"ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവുമാണ്"(ഹെബ്രാ.4:12) എന്നതാണ് കൺവൻഷന്റെ ആപ്ത വാക്യം.
മാനസാന്തരപ്പെടാനും ഐക്യപ്പെടാനും പുതിയ സൃഷ്ടിയായി അഭിഷേകവും അനുഗ്രഹങ്ങളും സ്വീകരിക്കാൻ കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൺവൻഷൻ ദിവസങ്ങളിൽ രാത്രി 9.30 മുതൽ വിവിധ ഭാഗങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൺവൻഷൻ്റെ വിജയത്തിനായി വികാരി ഫാ.ജോസഫ് തെക്കേത്തല, ജനറൽ കൺവീനർ തെക്കൂടൻ അന്തോണി ഇഗ്‌നേഷ്യസ്, പള്ളി കൈക്കാരന്മാരായ തെക്കൂടൻ അന്തോണി ടോബി, ആലുക്കൽ വാറപ്പൻ വിൻസെന്റ്, പോട്ടോക്കാരൻ ഔസേഫ് ആന്റോ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26