സെല്‍വന്റെ ഹൃദയം ഹരിനാരായണനില്‍ തുടിച്ചു തുടങ്ങി; ശസ്ത്രക്രിയ വിജയകരം

 സെല്‍വന്റെ ഹൃദയം ഹരിനാരായണനില്‍ തുടിച്ചു തുടങ്ങി; ശസ്ത്രക്രിയ വിജയകരം

കൊച്ചി: സെല്‍വന്റെ ഹൃദയം ഹരിനാരായണന്റെ ശരീരത്തില്‍ തുടിച്ചു തുടങ്ങി. നാലര മണിക്കൂര്‍ നീണ്ടു നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമാണെന്നും ഹരിനാരായണനില്‍ ഹൃദയം മിടിച്ചു തുടങ്ങിയെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ച ഹൃദയം ഒട്ടും താമസയാതെ ലിസി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിക്കുകയായിരുന്നു. അവിടെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സംവിധാനവും ഒരുക്കി കാത്തു നിന്നു.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഹരിനാരായണന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഹാര്‍ട്ട് ലംഗ് മെഷീനിലേക്ക് മാറ്റിയിരുന്നു. ഒപ്പം വെന്റിലേറ്ററിന്റെ സഹായവും ഉണ്ടായിരുന്നു. പരാജയപ്പെട്ട ഹൃദയം രോഗിയില്‍ നിന്ന് മുറിച്ചു മാറ്റുന്ന പ്രക്രിയയാണ് പിന്നെ നടന്നത്. മഹാധമനി ഉള്‍പ്പെടെ ഒന്നിനും ക്ഷതം സംഭവിക്കാതെ നടത്തുന്ന വളരെ സങ്കീര്‍ണമായ പ്രക്രിയയാണ് ഇത്. അതിന് ശേഷം ദാതാവിന്റെ ഹൃദയം വച്ചു പിടിപ്പിക്കുകയായിരുന്നു.
ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇപ്പോള്‍ വിജയമായി പൂര്‍ത്തിയായത്. മറ്റ് സങ്കീര്‍ണതകളുണ്ടായില്ലെങ്കില്‍ മൂന്നാഴ്ചയ്ക്ക് ശേഷം ഹരിനാരായണനെ ഡിസ്ചാര്‍ജ് ചെയ്യും. മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വന്റെ ഹൃദയം ഹരിനാരയാണനും മറ്റ് അവയവങ്ങള്‍ മറ്റ് അഞ്ച് പേര്‍ക്കുമായി ദാനം ചെയ്യുകയായിരുന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് സെല്‍വന്‍ ശേഖറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ നഴ്‌സ് കൂടിയായ ഭാര്യ അനുവാദം നല്‍കുകയായിരുന്നു. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ ആര്‍ക്കൊക്കെയാണ് അവയവം വേണ്ടതെന്നുള്ള തീരുമാനം വേഗത്തില്‍ എത്തി. ഹെലികോപ്റ്ററും കൂടി എത്തിയതോടെ എല്ലാം വളരെ വേഗത്തിലായി.

ഹൃദയമടക്കമുള്ള അവയവങ്ങളുമായി കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് മിനിറ്റുകള്‍ കൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തി. രണ്ടര മിനിറ്റുകൊണ്ട് ആറ് കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഹൃദയവുമായി ആംബുലന്‍സ് ലിസി ആശുപത്രിയിലുമെത്തി. വാഹന ഗതാഗതം നിയന്ത്രിച്ച് പൊലീസ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.