പ്രിയ സുഹൃത്തുക്കൾക്ക് കണ്ണീരോടെ വിട; കുസാറ്റിൽ പൊതുദർശനം

പ്രിയ സുഹൃത്തുക്കൾക്ക് കണ്ണീരോടെ വിട; കുസാറ്റിൽ പൊതുദർശനം

കൊച്ചി: കുസാറ്റില്‍ ഗാന നിശക്കിടെ ഉണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് കാമ്പസ്. മരിച്ച നാല് പേരിൽ ക്യാമ്പസിലെ വിദ്യാർഥികളായ മൂന്ന് പേരുടെ മൃതദേഹമാണ് കുസാറ്റിൽ പൊതുദർശനത്തിനെത്തിച്ചത്. അതുൽ തമ്പി, ആൻ റുഫ്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിന് ശേഷം സഹപാഠികൾക്ക് അന്ത്യാഞ്ജലിയർപ്പിക്കാനായി ക്യാമ്പസിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതുൽ തമ്പി രണ്ടാംവർഷ സിവിൽ വിദ്യാർഥിയും എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകനുമാണ്. രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനിയും പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകളുമാമ് ആൻ റിഫ്ത്ത (20). കോഴിക്കോട് താമരശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയാണ്.

മരിച്ച നാലാമത്തെയാളായ ആൽബിൻ ജോസഫ് പാലക്കാട് മുണ്ടൂർ സ്വദേശിയാണ്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റൊരാള്‍ കളമശേരി മെഡിക്കല്‍ കോളേജ് ഐസിയുവിലാണ് ഉള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമരണം സംഭവിക്കുമ്പോള്‍ സാധാരണ എടുക്കുന്ന നടപടി മാത്രമാണിത് എന്നാണ് വിവരം.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പായാണ് തിക്കും തിരക്കും ഉണ്ടാകുകയും ദുരന്തം സംഭവിക്കുകയും ചെയ്തത്. പരിപാടിയുടെ സംഘാടനത്തില്‍ പാളിച്ച ഉണ്ടായി എന്ന സൂചനയാണ് കുസാറ്റ് വിസി ഇന്ന് നല്‍കിയത്. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സമയം അനുസരിച്ച് കുട്ടികളെ കയറ്റുന്നതില്‍ പാളിച്ചയുണ്ടായി. ദുരന്തം ഉണ്ടായത് ഒരു ഗേറ്റ് മാത്രമേ ഉള്ളായിരുന്നു എന്നതുകൊണ്ടല്ല. സ്റ്റെപ്പിന്റെ പ്രശ്‌നവും അപകടം ഉണ്ടാക്കിയെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.