ഭീതി ഒഴിയുന്നില്ല: സമാന രീതിയില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം വീണ്ടും; പതിനൊന്ന് വയസുകാരിയെ വായ പൊത്തി കാറില്‍ കയറ്റി

ഭീതി ഒഴിയുന്നില്ല: സമാന രീതിയില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം വീണ്ടും; പതിനൊന്ന് വയസുകാരിയെ വായ പൊത്തി കാറില്‍ കയറ്റി

തിരുവനന്തപുരം: കേരളമൊട്ടാകെ ആശങ്കയില്‍ ആഴ്ത്തിയ സംഭവമായിരുന്നു ആറ് വയസുകാരിയുടെ തിരോധാനം. ഇപ്പോള്‍ കുട്ടിയെ തിരിച്ചു കിട്ടിയെന്ന വാര്‍ത്ത പുറത്ത് വരുമ്പോഴും ആശങ്ക ഒഴിയുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന രീതിയില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വര്‍ക്കല അയിരൂരിലാണ് കൊല്ലത്തെ സംഭവത്തിന് സമാന രീതിയില്‍ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.

അയിരൂരില്‍ വെള്ള കാറില്‍ എത്തിയ നാലംഗ സംഘമാണ് സ്‌കൂളിലേക്ക് പോകാന്‍ നിന്ന 11 വയസുകാരിയെ വായ പൊത്തി കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ബഹളം വച്ചതോടെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മാതാവ് അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കൊല്ലം ജില്ലയില്‍ നിന്നും വീണ്ടും കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നതായി മറ്റൊരു പരാതിയും ഉയര്‍ന്നിട്ടുണ്ട്. അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെ പുലിയില സംഘംമുക്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്നാണ് പരാതി ഉയര്‍ന്നത്.

സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംക്ഷനില്‍ ചൈത്രം വീട്ടില്‍ ഇന്നലെ രാവിലെ 8.30ന് കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ഉണ്ടായതായാണ് പരാതി. സൈനികനായ ആര്‍.ബിജുവിന്റെയും ചിത്രയുടെയും വീട്ടിലാണ് സംഭവം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായി കാണിച്ച് കുട്ടിയുടെ അമ്മ ഇന്നലെ വൈകിട്ട് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് ഒരു മണിക്കൂറിന് ശേഷമാണ് ഓയൂരില്‍ അബിഗേലിനെ തട്ടിക്കൊണ്ടുപോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്നലെ രാവിലെ 8.30ന് വീട്ടിനകത്ത് നിന്നിരുന്ന 12 വയസുള്ള മകള്‍ സിറ്റൗട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് മുന്നില്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നില്‍ക്കുന്നതായി കണ്ടത്. ആരാണെന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് ഗേറ്റ് കടന്ന് ഓടി സമീപത്ത് ബൈക്കില്‍ കാത്തു നിന്ന ആളുമായി കടന്നു കളയുകയായിരുന്നു.
പുനവൂര്‍ റൂട്ടിലേക്കാണ് ഇവര്‍ കടന്നത്. പച്ച ചുരിദാറും ഓറഞ്ച് ഷാളുമായിരുന്നു സ്ത്രീയുടെ വേഷം. പുരുഷന്‍ കറുത്ത പാന്റ്‌സും വെള്ള ഷര്‍ട്ടും ഷൂവുമാണ് ധരിച്ചിരുന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ വിവരം കണ്ണനല്ലൂര്‍ പൊലീസില്‍ അറിയിച്ചിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.

അതേസമയം പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സൂചന. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ കാണാതായത്.
പാലക്കാട്ട് കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് പാലക്കാട്ടേക്ക് തിരിച്ചു. തിങ്കളാഴ്ച വൈകിട്ട് മുതലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ട് പേരെ കാണാതാകുന്നത്.

ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവര്‍ സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുക. തിങ്കളാഴ്ച സന്ധ്യ കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ വഴക്കു പറഞ്ഞതിനാലാണ് വീട്ടില്‍ പോകാതിരുന്നതെന്നാണ് വിവരം. ഈ കുട്ടി കൂട്ടുകാരിയേയും ഒപ്പംകൂട്ടിയതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.