ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലിയ്ക്ക് ജപമാല അയച്ച് നൽകി ഫ്രാൻസിസ് മാർപ്പാപ്പ. പരിശുദ്ധ പിതാവ് പ്രത്യേകം ആശീർവദിച്ച ജപമാല മിലിക്കും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ വില്ലാർരുവലിനുമാണ് അയച്ചു നൽകിയത്. ഇരുവരും ജപമാല സ്വീകരിച്ചതായി അർജന്റീനയുടെ പ്രസിഡന്റിന്റെ ഓഫീസ് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്ച നിയുക്ത പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ സമ്മാനമെന്നത് ശ്രദ്ധേയമാണ്. ഫോൺ സംഭാഷണത്തിനിടെ പ്രസിഡന്റിനെ അഭിനന്ദിച്ച പാപ്പ രാഷ്ട്രം ഭരിക്കാൻ "ധൈര്യവും വിവേകവും" ഉണ്ടാകാൻ ആശംസ അറിയിച്ചിരിന്നു. ഫ്രാൻസിസ് പാപ്പയെ നിശിതമായി വിമർശിച്ചിട്ടുള്ള വ്യക്തിയാണ് മിലി. പാപ്പയ്ക്കെതിരെ താൻ മുമ്പ് പരസ്യമായി ഉന്നയിച്ച അപമാനങ്ങൾക്കും വിമർശനങ്ങൾക്കും മിലി ക്ഷമാപണം നടത്തിയതിനാൽ ഇടപെടലുകൾ ബന്ധം ഊഷ്മളമാക്കുകയാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടന്ന സംഭാഷണത്തിനിടെ അടുത്ത വർഷം അർജന്റീന സന്ദർശിക്കാനുള്ള ക്ഷണവും മിലേ മുന്നോട്ടുവച്ചതായാണ് വിവരം. തന്റെ ജന്മനാട് സന്ദർശിക്കാനുള്ള ക്ഷണത്തോട് പരിശുദ്ധ പിതാവ് അനുകൂലമായാണ് പ്രതികരിച്ചത് എന്നാണ് മിലേയുടെ പാർട്ടി സ്രോതസുകളെ ഉദ്ധരിച്ച് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രത്തലവൻ എന്ന നിലയിലും കത്തോലിക്കാ സഭയുടെ നേതാവെന്ന പാപ്പ ബഹുമാനിക്കപ്പെടുമെന്ന ഉറപ്പും മിലേ നൽകി.
10 വർഷം മുമ്പ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇറ്റലിക്ക് പുറത്ത് 40 ലധികം യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ജന്മനാടായ അർജന്റീനയിൽ സന്ദർശനം നടത്തിയിട്ടില്ല. രാജ്യത്തെ മെത്രാൻ സമിതിയും മാർപ്പാപ്പയ്ക്ക് കത്ത് നൽകി ഔപചാരികമായി ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 2020ലെ നിയമത്തെ ശക്തമായി എതിർക്കുന്ന ആളാണ് പുതിയ പ്രസിഡന്റ് മിലി. എൽജിബിടി ചിന്താഗതിയെയും, വിദ്യാലയങ്ങളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തെറ്റായ ചിന്താഗതി പഠിപ്പിക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു. മിലിയുടെ നിലപാടുകൾ പ്രോലൈഫ് സംഘടനകൾക്ക് വലിയ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.