ന്യൂഡല്‍ഹി: വടക്കന്‍ ചൈനയില്‍ കുട്ടികളിലെ ശ്വാസകോശ രോഗം ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജമാകണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയത്.
അയല്‍ രാജ്യമായ ചൈനയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ തയാറായിരിക്കണമെന്നും തയാറെടുപ്പുകള്‍ അവലോകനം ചെയ്യണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സ്ഥിതിഗതികള്‍ അത്ര ഭയാനകമല്ലെങ്കിലും ജാഗ്രത ആവശ്യമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ കണ്ടുവരുന്ന ഇന്‍ഫ്‌ളുവന്‍സ മൂലവും ശൈത്യകാലമായതിനാലുമാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നത് എന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ സാഹചര്യം വിലയിരുത്തുന്നുണ്ട്. കോവിഡ് കാലത്ത് നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ നിലവിലെ സാഹചര്യത്തിലും പിന്തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അതികഠിനമായ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നസ് ആണ് പടരുന്നത് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കര്‍ണാടക ആദ്യ നടപടി സ്വീകരിച്ചു.
സീസണല്‍ ഇന്‍ഫ്‌ളുവന്‍സ സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പകര്‍ച്ച വ്യാധിയാണെന്നും കുറഞ്ഞ രോഗാവസ്ഥയാണെങ്കിലും ജാഗ്രത വേണമെന്നും കര്‍ണാടക സര്‍ക്കാര്‍ പൊതുജനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി, വിറയല്‍, ദേഹാസ്വാസ്ഥ്യം, വിശപ്പില്ലായ്മ, മയക്കം, ഓക്കാനം, തുമ്മല്‍, മൂന്ന് ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന വരണ്ട ചുമ എന്നിവയാണ് സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്ന ലക്ഷണങ്ങള്‍.
ഈ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ശിശുക്കള്‍, ഗര്‍ഭിണികള്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, സ്റ്റിറോയിഡുകള്‍ പോലുള്ള മരുന്നുകള്‍ ദീര്‍ഘകാലമായി കഴിക്കുന്നവര്‍ എന്നിവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കേണ്ടി വരുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കര്‍ണാടകയ്ക്കൊപ്പം രാജസ്ഥാനിലെ ആരോഗ്യ വകുപ്പിനോടും ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനാണ് കേന്ദ്ര നിര്‍ദേശം.
രോഗ വ്യാപനം തടയുന്നതിനും ചികിത്സിക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി തയാറാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാനില്‍ നിലവില്‍ സ്ഥിതി ആശങ്കജനകമല്ലെന്നും എന്നിരുന്നാലും സംസ്ഥാനത്തെ പകര്‍ച്ച വ്യാധികളുടെ നിരീക്ഷണത്തിനും പ്രതിരോധത്തിനും മെഡിക്കല്‍ സ്റ്റാഫുകള്‍ പൂര്‍ണ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിങ് വ്യക്തമാക്കി.
കുട്ടികളിലെ ന്യുമോണിയ, ഇന്‍ഫളുവന്‍സ എന്നിവയുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പും മെഡിക്കല്‍ ടീമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാരും ഇതേ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തമിഴ്നാടും നടപടി സ്വീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.