അബിഗേല്‍ സാറയെ കണ്ടത്താന്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു; പൊലീസിനും മാധ്യമങ്ങള്‍ക്കും ഉള്‍പ്പെടെ നന്ദി അറിയിച്ച് മുഖ്യമന്ത്രി

അബിഗേല്‍ സാറയെ കണ്ടത്താന്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു; പൊലീസിനും മാധ്യമങ്ങള്‍ക്കും ഉള്‍പ്പെടെ നന്ദി അറിയിച്ച് മുഖ്യമന്ത്രി

മലപ്പുറം: കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ കണ്ടത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പൊലീസ് സേനയേയും മാധ്യമങ്ങളേയും നാട്ടുകാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്റെ സഹോദരന്‍ ജോനാഥന് പ്രത്യേക അഭിനന്ദവും മുഖ്യമന്ത്രി നേര്‍ന്നു.

നവകേരള സദസിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടന്‍ തന്നെ തങ്ങളെല്ലാം ഇടപെട്ടതായും കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസ് മേധാവിക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നിര്‍ദേശം നല്‍കിയതായും അദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ പൊതുവില്‍ നല്ല പങ്കാണ് വഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്തൊക്കെ കരുതല്‍ ഉണ്ടാകണം എന്ന ചര്‍ച്ചയും സ്വയംവിമര്‍ശനവും വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ പുരോഗതി അതാത് സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. വല്ലാതെ ദുഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി എന്ന വിവരമാണ് ആദ്യം ലഭിച്ചത്. അപ്പോള്‍ തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വാഹനപരിശോധന ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് പൊലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായതെന്നും സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍ ആണ് പൊലീസ് കുട്ടിക്കുവേണ്ടി ഒരുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് ആവര്‍ത്തിച്ച് പറയുകയാണ്. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ അബിഗേലിന്റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന കേരളീയ സമൂഹത്തെ അഭിവാദ്യം ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.