കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കേസ്; സുപ്രീം കോടതി വിധി നാളെ

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കേസ്; സുപ്രീം കോടതി വിധി നാളെ

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനര്‍നിയമനം നല്‍കിയ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ വിധി നാളെ. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ.ഷിനോ.പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ എത്തിയത്.

ഗവര്‍ണര്‍- സര്‍ക്കാര്‍ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത് വിസിയുടെ പുനര്‍നിയമന ഹര്‍ജ്ജിയുമായി ബന്ധപ്പെട്ടായിരുന്നു. ഒക്ടോബര്‍ 17 ന് ഹര്‍ജ്ജിയിന്മേലുള്ള വാദം പൂര്‍ത്തിയായിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്ക് എതിരായി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ കൊടുത്തിരുന്നു.

വിസിയുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2021 നവംബര്‍ 24 നാണ് പുനര്‍നിയമനം നല്‍കിയത്. നിയമന കാലാവധി അവസാനിക്കുന്ന ഒരു വിസിക്ക് പുനര്‍നിയമനം നല്‍കിയത് സംസ്ഥാനത്ത് ആദ്യമായായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കൂടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഒന്നാം റാങ്ക് നല്‍കിയതിന് പാരിതോഷികമായാണ് വിസിയുടെ പുനര്‍നിയമനമെന്നായിരുന്നു ഈ വിഷയത്തില്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.