മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ഞായറാഴ്ച നടത്തുന്നതിന് എതിരെ പ്രതിഷേധം; ക്രൈസ്തവരോടുള്ള വെല്ലുവിളിയെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ഞായറാഴ്ച നടത്തുന്നതിന് എതിരെ പ്രതിഷേധം; ക്രൈസ്തവരോടുള്ള വെല്ലുവിളിയെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

നിലമ്പൂർ: ക്രൈസ്തവർ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന ഞായറാഴ്ച ആചരണത്തിന് ഒട്ടും വില കൽപ്പിക്കാതെ, മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ഞായറാഴ്ചയും നടത്താൻ തീരുമാനിച്ചത് വിശ്വാസികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. 

ക്രൈസ്തവ വിശ്വാസികളോട് കാണിക്കുന്ന തികഞ്ഞ അവഗണനയും വെല്ലുവിളിയുമാണിത്. ഏതാണ്ട് ഒരു മാസം മുൻപാണ് കേരളത്തിലെ വിവിധ ജില്ലകളിൽ ഞായറാഴ്ച ദിവസം സ്കൂൾ കായികമേള നടത്താൻ തീരുമാനിക്കുകയും ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായി അത് മാറ്റിവെക്കുകയും ചെയ്തത്.

ഈ നാട്ടിലെ ന്യൂനപക്ഷമായ ക്രൈസ്തവർക്ക് ഭരണഘടന അനുവദിച്ചു നല്കിയിട്ടുള്ള അവകാശങ്ങളെ ഭരണ - ഉദ്യോഗസ്ഥ വൃന്ദം കൂട്ടുചേർന്ന് നഗ്നമായി ലംഘിക്കുന്ന അപൂർവ്വ സാഹചര്യമാണ് ഇവിടെ ഉടലെടുത്തിരിക്കുന്നത്.

ക്രൈസ്തവരായ കുട്ടികളും അധ്യാപകരും ഇത്തരം പരിപാടികളിൽ പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ല എന്നോ അഥവാ പങ്കെടുക്കാൻ താൽപര്യം ഉള്ളവരുടെ ഞായറാഴ്ച ആചരണം മുടങ്ങട്ടെ എന്നോ ഉള്ള ആരുടെയൊക്കെയോ ദുഷ്ചിന്തയാണ് ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഡിസംബർ നാലിന് തുടങ്ങാനിരുന്ന കലോത്സവം സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്താൻ എന്ന പേരിലാണ് ഡിസംബർ മൂന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നത്. അധ്യയന വർഷം എതാണ്ട് അവസാനിക്കാൻ പോകുന്ന ഡിസംബർ മാസത്തിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ പ്രസക്തി എന്താണെന്ന് മനസ്സിലാകുന്നില്ല.

മാത്രമല്ല, വരുന്ന ആഴ്ചയിൽ കലോത്സവം പൂർത്തീകരിക്കാൻ ഞായറാഴ്ചയല്ലാതെ മറ്റു ദിവസങ്ങൾ ഉണ്ടായിട്ടുപോലും ഞായറാഴ്ച തന്നെ നടത്തണം എന്നുള്ള വാശി സദുദ്ദേശ്യപരമല്ല. ഇത്തരം നടപടികൾ ജനാധിപത്യ - മതേതര രാജ്യത്തിന് ഭൂഷണമല്ല. 

ഞായറാഴ്ച നടത്താനിരിക്കുന്ന കലോത്സവം മറ്റൊരു ദിവസത്തേക്ക് മാറ്റിയേ തീരൂ എന്നും അല്ലാത്തപക്ഷം കടുത്ത പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡൻ്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26