ഹൈദരാബാദ്: രാജ്യത്ത് മൂന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായി 990 കോടി രൂപ കേന്ദ്രം അനുവദിക്കും. രാജ്യത്തെ കൃഷി, സുസ്ഥിര നഗരം, ആരോഗ്യം എന്നീ മേഖലകളിലെ വികസനം ലക്ഷ്യം വച്ചാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.
2027-28 സാമ്പത്തിക വര്‍ഷത്തോടെ പദ്ധതിക്കാവശ്യമായ പണം അനുവദിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വരുന്നതോടെ കൃഷി, സുസ്ഥിര നഗരം, ആരോഗ്യം എന്നീ മേഖലകളെക്കുറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി പഠിച്ച് ഈ മേഖലകളില്‍ വികസനം കൈവരിക്കാനാകും എന്നാണ് കരുതുന്നത്.
കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അപേക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഐഐടി ഹൈദരാബാദും ഓസ്മാനിയ യൂണിവേഴ്സിറ്റിയും കേന്ദ്രം ആരംഭിക്കാനുള്ള അനുമതിക്കായി മുന്നോട്ട് വരുമെന്നാണ് വിവരം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിടെക് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമാണ് ഐഐടി ഹൈദരാബാദ്. ഹൈദരാബാദ് ഐഐടിയില്‍ മികവിന്റെ മൂന്ന് കേന്ദ്രങ്ങളില്‍ ഒന്ന് സ്ഥാപിക്കാന്‍ അനുമതി തേടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡയറക്ടര്‍ ആചാര്യ ബി.എസ് മൂര്‍ത്തി അറിയിച്ചു.
കാര്‍ഷിക രംഗം:
കാലാവസ്ഥ വ്യതിയാനം, മഴ, കൊടുങ്കാറ്റ് തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്നതിനും വിളകളില്‍ കീടങ്ങള്‍ വരാനുള്ള സാധ്യത പ്രവചിക്കുന്നതിനും നിര്‍മിതബുദ്ധി ഉപയോഗിക്കുക എന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വരുന്നതോടെ ലക്ഷ്യമിടുന്നത്. ധാന്യങ്ങളുടെ ഉല്‍പാദനം പത്ത് ശതമാനം വര്‍ധിപ്പിക്കുക, കീടങ്ങളെ പ്രതിരോധിച്ച് ഉല്‍പാദന നഷ്ടം 12 ശതമാനം കുറയ്ക്കുക, ജല ഉപയോഗം 15 ശതമാനം കുറയ്ക്കുക, വിതരണ ശൃംഖലയെ ശക്തിപ്പെടുത്തി സംഭരണത്തിലും ഗതാഗതത്തിലും അഞ്ച് ശതമാനം വളര്‍ച്ച കൈവരിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
ആരോഗ്യം:
സ്ത്രീകളിലെ അയണിന്റെയും ഫോളിക് ആസിഡിന്റെയും കുറവ് കണ്ടെത്തി ആരോഗ്യകരമായ പ്രസവം 10 ശതമാനം വര്‍ധിക്കുക, കുട്ടികളിലെ പോഷകാഹാരക്കുറവ് 12 ശതമാനം കുറയ്ക്കുക, മാമോഗ്രാമിലൂടെയോ മറ്റ് പരിശോധനകളിലൂടെയോ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്നിവയാണ് ആര്‍ട്ടിഫിഷ്യല്‍ കേന്ദ്രങ്ങള്‍ വരുന്നതിലൂടെ ആരോഗ്യമേഖലയില്‍ കൈവരിക്കുന്ന ലക്ഷ്യങ്ങള്‍.
സുസ്ഥിര നഗരങ്ങള്‍:
ചില മേഖലകളില്‍ വൈദ്യുതി ഉപയോഗം 15 ശതമാനം കുറയ്ക്കുക, വായു, ജല മലിനീകരണം പത്ത് ശതമാനം കുറയ്ക്കുക, മാലിന്യ നിര്‍മാര്‍ജനം 25 ശതമാനം വര്‍ധിപ്പിക്കുക, ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് യാത്ര സമയം 20 ശതമാനമായി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വഴി സുസ്ഥിര നഗരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ആര്‍ട്ടിഫിഷ്യല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.