എച്ച്.ഐ.വി ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്‍; 'ഒന്നായ് പൂജ്യത്തിലേക്ക്'

എച്ച്.ഐ.വി ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്‍; 'ഒന്നായ് പൂജ്യത്തിലേക്ക്'

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ 'ഒന്നായ് പൂജ്യത്തിലേക്ക്' എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ച് കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030തോടെ പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025 ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

പ്രതിമാസ ചികിത്സാ ധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, കുട്ടികള്‍ക്ക് സ്നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ് വിദ്യാഭ്യാസ പദ്ധതി, കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍, എച്ച്.ഐ.വി അണുബാധിതരായ സ്ത്രീകള്‍ക്ക് സൗജന്യ പാപ്‌സ്മിയര്‍ പരിശോധന, ഭൂമിയുള്ളവര്‍ക്ക് ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ലഭ്യമാക്കല്‍ തുടങ്ങിയ പദ്ധതികളാണ് എച്ച്.ഐ.വി അണുബാധിതര്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളെന്നും മന്ത്രി പറഞ്ഞു.

'സമൂഹങ്ങള്‍ നയിക്കട്ടെ' എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ അത് കേരളത്തില്‍ 0.06 ആണ്.

എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.