മലിന ജലം ഒഴുകുന്നത് കിടപ്പ് രോഗിയുടെ വീട്ടിലേക്ക്; പരിഹരിച്ച ശേഷം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മലിന ജലം ഒഴുകുന്നത് കിടപ്പ് രോഗിയുടെ വീട്ടിലേക്ക്; പരിഹരിച്ച ശേഷം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വീടിന് മുന്നിലെ കനാലില്‍ നിന്ന് മലിന ജലം കുത്തിയൊലിച്ചിറങ്ങിയത് കാരണം കിടപ്പ് രോഗി ഉള്‍പ്പെട്ട കുടുംബത്തിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. സ്ഥലം സന്ദര്‍ശിച്ച് പ്രശ്‌നം അടിയന്തരമായി പരിഹരിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടിരിക്കുന്നത്.

പാറശാല ഐങ്കാമത്ത് ശരീരം തളര്‍ന്ന ഭിന്നശേഷിക്കാരനായ മണ്‍വിളക്കുഴി വീട്ടില്‍ പുഷ്പ രാജിന്റെ (48) കുടുംബമാണ് ദുരിതത്തിലായത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

നെയ്യാര്‍ ഇറിഗേഷന്‍ കനാലിന്റെ കൈച്ചാനലിനോട് ചേര്‍ന്നാണ് പാറശാല പഞ്ചായത്ത് നിര്‍മിച്ച് നല്‍കിയ പുഷ്പ രാജിന്റെ ചെറിയ വീട്. ചാനലിന്റെ ചില ഭാഗങ്ങള്‍ പലരും മണ്ണിട്ട് നികത്തിയതോടെയാണ് ചെറിയ മഴ വന്നാല്‍ പോലും വെള്ളം കുത്തിയൊലിച്ച് പുഷ്പ രാജിന്റെ വീടിന് മുകളിലേക്ക് പതിക്കുന്നത്.

പഞ്ചായത്ത് മുതല്‍ കളക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പുഷ്പരാജ് പറയുന്നു. ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ച് ജില്ലാ കളക്ടര്‍ സ്ഥല പരിശോധന നടത്തണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.

മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പാറശാല ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ സ്ഥലം പരിശോധിച്ച് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് പരാതി പരിഹരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

അന്വേഷണ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഒരു മാസത്തിനകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം), മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പാറശാല പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രതിനിധി എന്നിവര്‍ ഡിസംബറില്‍ കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങില്‍ നേരിട്ട് ഹാജരാകണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.