ഓയൂരിലെ തട്ടിക്കൊണ്ടു പോകല്‍: പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് ഉടന്‍

ഓയൂരിലെ തട്ടിക്കൊണ്ടു പോകല്‍: പത്മകുമാറിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് ഉടന്‍

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ മൂന്നുപേരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്. പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ എ.ആര്‍ ക്യാമ്പില്‍ നിന്ന് പൂയപ്പള്ളി സ്റ്റേഷനിലേയ്ക്ക് മാറ്റും.

അതേസമയം പത്മകുമാറിന്റെയും കുടുംബത്തിന്റെയും ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് വരെ നീണ്ടു നിന്നു. ഇവര്‍ നല്‍കിയ മൊഴികളില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. പത്മകുമാര്‍ മൊഴി മാറ്റി പറയുന്നതാണ് സംഘത്തെ ഏറെ കുഴപ്പിക്കുന്നത്.

തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ പൊലീസിന് ചില സംശയങ്ങളുണ്ടായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മോചന ദ്രവ്യം ആവശ്യപ്പെട്ട് രണ്ടു ഫോണ്‍ കോളുകളാണ് കുട്ടിയുടെ മാതാപിതാക്കളെ തേടിയെത്തിയത്. പൊലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നുണ്ടെന്ന് മനസിലായിട്ടും ഈ ഫോണ്‍ കോളുകള്‍ എത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. ആദ്യ കോള്‍ ഒരു കടയുടെ ഉടമയുടെ ഫോണില്‍ നിന്നുമാണ് എത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന വെള്ള കാറിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കടയുടെ അടുത്തുള്ള പെട്രോള്‍ പാമ്പില്‍ നിന്ന് കണ്ടെത്തി. കാറില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം.

തട്ടിക്കൊണ്ടുപോയി എട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് കൂടുതല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും ഫോണ്‍കാള്‍ വന്നത്. ആ സമയം 10 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. തങ്ങളുടെ കൈയില്‍ കുട്ടി സുരക്ഷിതയാണെന്നും നാളെ രാവിലെ പത്തിന് ഓയൂരിലെ വീട്ടിലെത്തിക്കുമെന്നും രണ്ടാമത് വന്ന ഫോണ്‍കോളില്‍ അറിയിച്ചിട്ടുണ്ട്. ഒരു സ്ത്രീയാണ് ഫോണില്‍ സംസാരിച്ചതെന്നാണ് വിവരം. തങ്ങള്‍ക്ക് നല്‍കാന്‍ 10 ലക്ഷം രൂപ അറേഞ്ച് ചെയ്യണമെന്നും സ്ത്രീ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഇക്കാര്യം പൊലീസില്‍ അറിയിക്കരുതെന്നും സ്ത്രീ ഫോണില്‍ പറഞ്ഞിരുന്നു.

പൊലീസ് അന്വേഷണം വ്യാപിപ്പിച്ച് മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു ആദ്യ ഫോണ്‍ കോള്‍ കുട്ടിയുടെ വീട്ടുകാരെ തേടിയെത്തിയത്. അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് രണ്ടാമതും ഫോണ്‍ കോള്‍ എത്തുന്നത്. പൊലീസ് അന്വേഷണം നടക്കുന്നു എന്ന് അറിഞ്ഞിട്ടും ഫോണ്‍ കോള്‍ വന്നതില്‍ ആ സമയത്തു തന്നെ പൊലീസ് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിട്ടും ഈ ഫോണ്‍ കോളുകളെ പൊലീസ് സംശയിച്ചിരുന്നു എങ്കിലും പിന്നീട് അതല്ലെന്ന് മനസിലാക്കുകയായിരുന്നു.

ആദ്യം മുതല്‍ തന്നെ ബന്ധുക്കളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഇതിനിടയിലാണ് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയിലായത്. ഇവരെ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.