സര്‍ക്കാര്‍ പ്രതിഫലം നല്‍കുന്നില്ല; ഡ്രൈവിങ് ലൈസന്‍സ്-ആര്‍സി അച്ചടി നിര്‍ത്തിവച്ചു

സര്‍ക്കാര്‍ പ്രതിഫലം നല്‍കുന്നില്ല; ഡ്രൈവിങ് ലൈസന്‍സ്-ആര്‍സി അച്ചടി നിര്‍ത്തിവച്ചു

കൊച്ചി: സര്‍ക്കാരിന്റെ ധൂര്‍ത്തില്‍ നട്ടംതിരിഞ്ഞ് ജനം. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ്-ആര്‍സി അച്ചടിയും നിലച്ചിരിക്കുകയാണ്. കരാര്‍ എടുത്ത ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന് (ഐടിഐ) സര്‍ക്കാര്‍ പ്രതിഫലം നല്‍കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കാര്‍ഡിന് ചെലവാകുന്നതിനെക്കാള്‍ മൂന്നിരട്ടിയിലധികം തുക മോട്ടോര്‍ വാഹന വകുപ്പ് അപേക്ഷകരില്‍ നിന്ന് ഈടാക്കുന്നുണ്ട്. എന്നിട്ടും കാര്‍ഡ് വിതരണം നടക്കുന്നില്ലെന്നതാണ് വാസ്തവം.

കാര്‍ഡ് തയ്യറാക്കിയ വകയില്‍ അഞ്ച് കോടിയോളം രൂപയാണ് ഐടിഐയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. സ്മാര്‍ഡ് കാര്‍ഡിനായി അപേക്ഷകരില്‍ നിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും അച്ചടി കൂലി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതോടെ അച്ചടി നിലക്കുകയായിരുന്നു. ട്രഷറി നിയന്ത്രണവും പ്രതിസന്ധി ഗുരുതരമാക്കി.

സംസ്ഥാനത്തെ 86 ഓഫീസുകളിലും സ്വീകരിക്കുന്ന അപേക്ഷകളില്‍ ആര്‍സിയും ലൈസന്‍സും കൊച്ചി തേവരയിലെ ഓഫീസില്‍ നിന്നാണ് തയ്യാറാക്കുന്നത്. കാര്‍ഡ് കിട്ടാത്തതിനാല്‍ ലൈസന്‍സ് അച്ചടി 16 മുതലും ആര്‍സി 23 മുതലും നിലച്ചു. പ്രതിദിനം 21,000 കാര്‍ഡുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഇതുവരെ ഒന്നര ലക്ഷം ലൈസന്‍സുകളും 90,000 ആര്‍സികളുമാണ് കുടിശികയായി കിടക്കുന്നത്.

തപാല്‍ കൂലി നല്‍കാത്തതിനാല്‍ അടുത്തിടെ ആര്‍സി, ലൈസന്‍സ് വിതരണം തപാല്‍ വകുപ്പും നിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതിനുള്ള തുക ധനവകുപ്പ് അനുവദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.