തിരുവനന്തപുരം: റദ്ദാക്കിയ കരാറില്‍ പറഞ്ഞ രീതിയിലുള്ള കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്കാന് കഴിയില്ലെന്ന നിലപാടില്‍ വൈദ്യുത വിതരണ കമ്പനികള്‍ ഉറച്ച് നില്‍ക്കുന്നതോടെ വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലേക്ക്. മുന്‍ കരാറില്‍ നിന്ന് വ്യത്യസ്ഥമായ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വന്നാല്‍ പ്രതിവര്‍ഷം 1000 കോടി രൂപയുടെ വരെ നഷ്ടം വൈദ്യുതി ബോര്‍ഡിന് ഉണ്ടാവും. ഇതോടെ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നീങ്ങും.
കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനായി യുഡിഎഫ് സര്‍ക്കാര്‍ 2015- ല്‍ ഉണ്ടാക്കിയ കരാര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചില നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പ് റദ്ദാക്കിയിരുന്നു. ഇതോടെ പ്രതിദിനം കോടികളുടെ നഷ്ടത്തില്‍ കൂടിയ വിലയ്ക്കാണ് സംസ്ഥാനം ഇപ്പോള്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നത്.
ഈ സ്ഥിതി തുടര്‍ന്നാല്‍ കോടിക്കണക്കിന് രൂപ കെഎസ്ഇബിക്ക് ബാധ്യതയാകുമെന്നും ബോര്‍ഡിന്റെ നിലനില്‍പ്പിനെ പോലും ഇത് പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉപദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പഴയ തുകയ്ക്ക് കരാര്‍ പുനസ്ഥാപിക്കാനായി കമ്പനികളുമായി ചര്‍ച്ചനടത്താന്‍ ഒക്ടോബറില്‍ മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടിരുന്നു.
തുടര്‍ന്ന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷന് മുമ്പാകെ റിവ്യു പെറ്റീഷന്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് റെഗുലേറ്ററി കമ്മീഷന്‍ കമ്പനികളുമായി ഹിയറിംഗ് നടത്തി. എന്നാല്‍ റദ്ദാക്കിയ കരാറില്‍ പറഞ്ഞ രീതിയിലുള്ള തുകയ്ക്ക് വൈദ്യുതി നല്കാന് കഴിയില്ലെന്ന നിലപാട് കമ്പനികള്‍ അറിയിച്ചു.
പഴയ നിരക്കായ യൂണിറ്റിന് ശരാശരി നാല് രൂപ 29 പൈസ എന്നതിന് പകരം എട്ട് രൂപ മുതലുള്ള നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വൈദ്യുത മേഖല തന്നെ പ്രതിസന്ധിയിലാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.